മാപ്പിളപ്പാട്ട് ഗായികമാരെ PCWF ആദരിച്ചു
മാറഞ്ചേരി: മാപ്പിളപ്പാട്ട് രംഗത്ത് നീണ്ട കാലം സജീവമായി രംഗത്തുണ്ടായിരുന്ന പുതുപൊന്നാനി ജീലാനി നഗറിൽ (വാർഡ് 42) താമസിക്കുന്ന എൻ പി റുക്കിയയേയും, പൊന്നാനി ഹൗസിംഗ് കോളനിയിൽ താമസിക്കുന്ന (വാർഡ് 6 ) ആർ വി താഹിറയേയും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പതിനേഴാം വാർഷിക സമ്മേളന വേദിയുടെ ഭാഗമായി നടന്ന സാംസ്‌കാരിക സദസ്സിൽ വെച്ച് പൊന്നാട അണിയിച്ച് ആദരിക്കുകയും, ക്യാഷ് അവാർഡും, ഉപഹാരവും സമർപ്പിക്കുകയും ചെയ്തു.
1964 ൽ തന്റെ എട്ടാമത്തെ വയസ്സിൽ അടാണശ്ശേരി അബ്ദുസ്സമദിൻ്റെ ശിക്ഷണത്തിൽ ഗുരുദക്ഷിണ എന്ന നാടകത്തിലൂടെ അഭിനയ രംഗത്ത് വരികയും, പാടാനുള്ള കഴിവ് കണ്ട് സമദ്ക്ക പാട്ട് പഠിപ്പിക്കുകയും, അദ്ദേഹത്തോടൊപ്പം പല സ്റ്റേജുകളിലും കല്യാണ വീടുകളിലും പാടിത്തുടങ്ങുകയും ചെയ്ത റുക്കിയ,
1970 മുതൽ 20 വർഷത്തോളം സമദ്ക്കയുമൊത്ത് കോഴിക്കോട് ആകാശവാണിയിൽ മാപ്പിളപ്പാട്ട് എന്ന പരിപാടിയിൽ പങ്കെടുക്കുകയും,
പ്രശസ്ത സംഗീത സംവിധായകൻ എം എസ് ബാബുരാജ്, ഏ വി മുഹമ്മദ്, വി എം കുട്ടി, വിളയിൽ ഫസീല, എം പി ഉമ്മർ കുട്ടി, കെ ജി സത്താർ, ചാവക്കാട് റഹ്മാൻ, കെ എം കെ വെള്ളയിൽ, തായ്നേരി അസീസ്. കേരള റാഫി എന്നറിയപ്പെടുന്ന ബോംബെ കമാൽ ഭായ്, ഉസ്താദ് പൊന്നാനി ഖലീൽ റഹ്മാൻ, ബാബുജാൻ ഉസ്താദ് എന്നിവരോടൊപ്പമെല്ലാം ഗാനമേളകളിൽ പാടുകയും ചെയ്തിട്ടുണ്ട്.
1974-75 കാലഘട്ടത്തിൽ ഏ വി മുഹമ്മദിന്റെ കൂടെ മദ്രാസിൽ പോയി താജുദ്ധീൻ എന്ന സൂഫി ഗായകൻ്റെ കൂടെ പ്രോഗ്രാമിൽ പങ്കെടുത്ത് പാടാനുളള ഭാഗ്യമുണ്ടായി.
ഈ കാലയളവിൽ തന്നെ ഫറോക്ക് പേട്ടയിൽ വെച്ച് നടന്ന ആദ്യത്തെ മാപ്പിളപ്പാട്ടുമൽസരത്തിൽ പങ്കെടുത്തു .
1990 മുതൽ കല്യാണ വീടുകളിൽ ഒപ്പനയുടെ കാലമായിരുന്നു.
പൊന്നാനി ഖയ്യൂമിൻ്റെ പ്രഗൽഭ വോയിസിൽ 14 വർഷത്തോളം താഹിറ, എടപ്പാൾ വിശ്വൻ, എടപ്പാൾ ഖാദർഷാ എന്നിവരോടൊപ്പമെല്ലാം പരിപാടി അവതപ്പിച്ച റുക്കിയ എഴുപതാം വയസ്സിന്റെ അവശതയിലും ഈ രംഗത്ത് തന്നെയുണ്ട്.
തൃശൂരിൽ നിന്നും പൊന്നാനിയിലേക്ക് തബലിസ്റ്റ് ഇബ്രാഹിം കുട്ടിയുടെ വധുവായി വന്ന താഹിറയും മാപ്പിളപ്പാട്ട് രംഗത്ത് തന്റെ ഒമ്പതാം വയസ്സിൽ അരങ്ങേറ്റം കുറിച്ചവരാണ്.
തൃശൂർ വേവ്സ്, വോയിസ് ഈ രണ്ട് ക്ലബ്ബുകളിലും സ്ഥിരമായി പാടിയിരുന്നു.
നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആയിഷ ബീഗത്തിന്റെ സ്റ്റേജിൽ കയറി പാടാനുളള അവസരമുണ്ടായി.
18 വയസുള്ള സമയത്ത് പൊന്നാനിയിലേക്ക് എടപ്പാൾ ബാപ്പുവിന്റെ കൂടെ ആദ്യമായി പരിപാടിക്ക് വന്നു.
അങ്ങിനെ പൊന്നാനിയിലുള്ള ഒട്ടധികം ഓർഗസ്ട്രയിലും പാടാൻ തുടങ്ങി.
പ്രഗൽഭ വോയ്സിൽ ഭർത്താവുമൊന്നിച്ച് 14 വർഷം പ്രവർത്തിച്ചിട്ടുണ്ട്.
മാപ്പിളപ്പാട്ട് രംഗത്ത് നിറഞ്ഞ് നിന്നിരുന്ന ഈ രണ്ട് പ്രതിഭകൾക്കും വേണ്ടത്ര അംഗീകാരം കിട്ടിയിട്ടില്ല.
ഇത്തരത്തിലുളള കലാകാരന്മാരെ ചേർത്തു പിടിക്കുക എന്ന ഉദ്ദേശത്തിൽ പി സി ഡബ്ല്യു എഫ് നടത്തി വരുന്ന സേവന പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് രണ്ട് ഗായികമാരെയും പതിനേഴാം വാർഷിക സമ്മേളന വേദിയിൽ ആദരിച്ചത്.
സമ്മേളന വേദിയിൽ നടന്ന കലാപരിപാടിയിൽ ഇവരുടെ നേതൃത്വത്തിൽ പി സി ഡബ്ല്യു എഫ് വനിതാ അംഗങ്ങൾ അവതരിപ്പിച്ച കൈമുട്ടിപ്പാട്ട് ശ്രദ്ധേയമായി.