പൊന്നാനി: സംസ്കാരങ്ങളെ ആവാഹിച്ചൊഴുകുന്ന നിളയുടെ തീരത്ത് സാഹിത്യത്തിന്റെയും മാനവികതയുടെയും സംവാദം തീർത്ത് ‘സാഹിത്യവും മതനിരപേക്ഷതയും’ സെമിനാർ. കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന സെമിനാറുകളുടെ സംസ്ഥാന ഉദ്ഘാടനമാണ് പൊന്നാനി നിള സംഗ്രഹാലയത്തിൽ നടന്നത്. മുതലാളിത്തത്തിനും അത് ഊട്ടിവളർത്തുന്ന വർഗീയതയ്‌ക്കും സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന കേരള സ്റ്റോറിക്കും എതിരെയുള്ള പ്രതിരോധംകൂടിയായി പൊന്നാനി കളരിയുടെ തട്ടകത്തിൽ നടന്ന സെമിനാർ. ചരിത്രവും ശാസ്ത്രവും വർഗീയവൽക്കരിക്കുന്ന കാലത്ത് സാഹിത്യലോകത്ത് മതനിരപേക്ഷതയുടെ ശബ്ദം ഉയർന്നുനിൽക്കണമെന്നും സെമിനാർ വിലയിരുത്തി. സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ സെമിനാർ ഉദ്ഘാടനംചെയ്തു. കെ പി രാമനുണ്ണി അധ്യക്ഷനായി. ആലങ്കോട് ലീലാകൃഷ്ണൻ, ജ്യോതിബായ് പരിയാടത്ത്, നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം എന്നിവർ സംസാരിച്ചു. അക്കാദമി സെക്രട്ടറി പ്രൊഫ. സി പി അബൂബക്കർ സ്വാഗതവും അഡ്വ. കെ വിജയൻ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ സെമിനാർ നടന്നു. പൊന്നാനിക്കളരിയും കഥയിലെ മതനിരപേക്ഷതയും വിഷയത്തിൽ വിജു നായരങ്ങാടിയും മതനിരപേക്ഷ പാരമ്പര്യം കവിതയിൽ വിഷയത്തിൽ ഡോ. ടി വി സുനിതയും നാടകവും മതജീവിതവും വിഷയത്തിൽ ഡോ. എം എ സിദ്ദിഖും പ്രഭാഷണം നടത്തി. പ്രൊഫ. എം എം നാരായണൻ അധ്യക്ഷനായി. പ്രൊഫ. കെ ഇമ്പിച്ചികോയ തങ്ങൾ സ്വാഗതവും പി ഇന്ദിര നന്ദിയും പറഞ്ഞു. ‘ദ കേരള സ്‌റ്റോറി’ മതാന്ധത വളർത്തും: സച്ചിദാനന്ദൻ ദ കേരള സ്റ്റോറി എന്ന സിനിമ നാടിനെ മതാന്ധതയിലേക്ക് തള്ളിവിടാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ളതാണെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ പറഞ്ഞു. പൊന്നാനിയിൽ അക്കാദമി സംഘടിപ്പിച്ച സാഹിത്യ സെമിനാർ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ദ കേരള സ്റ്റോറിക്ക് പകരം മതസൗഹാർദവും മതേതരത്വവും ഉയർത്തിപ്പിടിച്ച പൊന്നാനി സ്റ്റോറിയാണ് കാണിക്കേണ്ടത്. ഭരണഘടനയിലെ ഏറ്റവും അടിസ്ഥാനമൂല്യങ്ങളിൽ ഒന്നായ മതനിരപേക്ഷതയ്‌ക്ക് കനത്ത ഭീഷണിയുയരുകയാണ്. മതേതരത്വത്തെ വെല്ലുവിളിക്കുന്ന വർഗീയത ആത്മീയത നഷ്ടപ്പെട്ട മതമാണ്. മതം അതിന് ജന്മം നൽകിയ അടിസ്ഥാന മൂല്യങ്ങളിൽനിന്ന് അകന്നുപോവുമ്പോഴാണ് ആത്മീയതയുടെ ഉറവ നഷ്ടപ്പെടുന്നത്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രം പയറ്റിയ ബ്രിട്ടീഷുകാർക്കൊപ്പംനിന്നവരാണ് ഇപ്പോൾ രാജ്യസ്നേഹവും ദേശീയതയും പറഞ്ഞുവരുന്നത്. രാജ്യസ്നേഹം ഏതെങ്കിലും ഒരു മതത്തിന്റെ കുത്തകയല്ല. ഏതെങ്കിലും മത വിഭാഗത്തിൽപ്പെട്ടവരല്ല സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയത്–- സച്ചിദാനന്ദൻ പറഞ്ഞു