KERALA

മാധ്യമങ്ങളോട് പ്രതികരിക്കും മുന്‍പ് അനുമതി വാങ്ങണം; ഡിഎംഒമാര്‍ക്ക് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം

കേരളത്തിലെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ആരോഗ്യ വകുപ്പ്. മുന്‍കൂര്‍ അനുമതിയില്ലാതെ വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കരുത് എന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ സര്‍ക്കുലറില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഡിസംബര്‍ മൂന്നിന് പുറത്തിറക്കിയ ഉത്തരവില്‍ മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ ഡിഎംഒ മാര്‍ അനുമതി വാങ്ങണമെന്ന് കര്‍ശനമായി നിര്‍ദേശിക്കുന്നു.

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ആരോഗ്യ മേഖലയിലെ വിഷയങ്ങളുമായി മാധ്യമങ്ങള്‍ ആധികാരികമായ വിവരങ്ങള്‍ തേടാന്‍ ഡിഎംഒമാരെ ആയിരുന്നു ആദ്യം ബന്ധപ്പെട്ടിരുന്നത്. ഈ സാഹചര്യമാണ് പുതിയ ഉത്തരവോടെ തടയപ്പെടുന്നത്. നേരത്തെ ഒമിക്രോണ്‍ രോഗ ബാധ സംബന്ധിച്ച് കോഴിക്കോട് ഡിഎംഒ ഉമ്മര്‍ ഫാറൂഖ് നടത്തിയ പ്രതികരണം വിവാദമായിരുന്നു. ഉമ്മര്‍ഫാറൂഖിന്റെ നടപടി സമൂഹത്തില്‍ ഭീതി പടത്താന്‍ ഇടയാക്കിയെന്ന് ചൂണ്ടിക്കാട്ടി വകുപ്പ് വിശദീകരണവും തേടിയിരുന്നു. പിന്നാലെയാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാജ് പുതിയ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. എന്നാല്‍ ഇത്തരം ഒരു സാഹചര്യത്തിന് വിവിധ കാരണങ്ങളാണ് സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടുന്നത്.

ആരോഗ്യവകുപ്പിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും, വകുപ്പ് കൈകാര്യം ചെയ്യുന്ന പ്രധാന വിഷയങ്ങള്‍ സംബന്ധിച്ചും മാധ്യമങ്ങളില്‍ നിരവധി വാര്‍ത്തകള്‍ വരുന്ന സാഹചര്യമുണ്ട്. എന്നാല്‍ പലപ്പോഴും ഇത്തരം വാര്‍ത്തകള്‍ ആധികാരികമായല്ല പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം ആധികാരികമല്ലാത്ത വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് വകുപ്പിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് തെറ്റിധാരണ ജനിപ്പിക്കുവാനും രോഗവ്യാപനം സംബന്ധിച്ച് അനാവശ്യ ഭീതി ഉണ്ടാക്കാനും ഇടയാക്കുന്നു എന്നും സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടുന്നു.

ആധികാരികമല്ലാത്ത വാര്‍ത്തകള്‍ കൂടാതെ വകുപ്പിന്റെ യശസ്സിന് കളങ്കം വരുത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പരസ്യമായി വിവരങ്ങള്‍ നല്‍കുന്നതിനാല്‍ എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും, ജീവനക്കാരും ജാഗ്രത പാലിക്കേണ്ടതും മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം മാത്രം പരസ്യമായി വിവരങ്ങള്‍ കൈമാറണമെന്നും നിര്‍ദേശിക്കുന്നത്. യാതൊരു കാരണവശാലും മുന്‍കൂര്‍ അനുമതിയില്ലാതെ ഇത്തരം പ്രവ്യത്തികള്‍ നടത്തുവാന്‍ പാടില്ലാത്തതും ഏതെങ്കിലും നിര്‍ണ്ണായകമോ സുപ്രധാനമോ ആയ വിഷയം സംബന്ധിച്ച്പൊതുവായ വിവരങ്ങള്‍ നല്‍കേണ്ടിവരുന്ന പക്ഷം ആയതിന്റെ ആധികാരികത ഉറപ്പുവരുത്തിയും, വകുപ്പിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷവും മാത്രം വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതാണ്. എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും ജീവനക്കാരും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതും തങ്ങളുടെ കീഴിലുള്ള എല്ലാ ഉദ്യോഗസ്ഥരും മേല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.





Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button