മാധ്യമങ്ങളുടെ പരിലാളനകൾ കൊണ്ടു വളർന്നയാളല്ല ഞാൻ , ആക്രമണങ്ങളിൽ തളരുന്ന ആളുമല്ല ഞാൻ: പിണറായി വിജയൻ

‘മാധ്യമങ്ങളോട് മയത്തിൽ പെരുമാറണം, മാധ്യമപ്രവർത്തകരെ കൈയിലെടുക്കണം’ എന്നൊക്കെ ആരെങ്കിലും ഉപദേശിക്കാറുണ്ടോ ഉണ്ടെങ്കിൽ അവരോടു പറയാറുള്ള ഉത്തരമെന്താണ് എന്ന് മാധ്യമപ്രവർത്തകൻ എൻ പി ചന്ദ്രശേഖരന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടി ഇങ്ങനെ.
മാധ്യമങ്ങളുടെ പരിലാളനകൾ കൊണ്ടു വളർന്നയാളല്ല ഞാൻ എന്നു നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. മാധ്യമങ്ങളുടെ കടുത്ത ആക്രമണങ്ങളിൽ തളരുന്ന ആളുമല്ല ഞാൻ. മാധ്യമപ്രവർത്തകരോട് സാധാരണ സന്ദർഭങ്ങളിലൊക്കെ മയത്തിലേ പെരുമാറാറുള്ളൂ. മൈക്കുമായി വന്നു മാർഗതടസ്സമുണ്ടാക്കുമ്പോൾ വഴിതരാൻ പറഞ്ഞിട്ടുണ്ടാവും.
അത് മയത്തിലല്ലാത്ത പെരുമാറ്റമൊന്നുമല്ല. പൊതുവെ മയത്തിലാണ് പെരുമാറാറ് എന്നതുകൊണ്ട് അതിനായി ആരെങ്കിലും ഉപദേശിക്കേണ്ട പ്രശ്നവുമില്ല
മാധ്യമങ്ങളുമായി നിരന്തരം സംഘർഷത്തിലേർപ്പെടുന്ന പൊതുപ്രവർത്തകനാണ് താങ്കൾ. മാധ്യമങ്ങളെ പിണറായി വിജയൻ കൈയകലത്തിൽ നിർത്തുന്നത് എന്തുകൊണ്ടാണ്…
മാധ്യമങ്ങളുമായി ഒരു സംഘർഷവുമില്ല. ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണ്. ഒരു ഘട്ടത്തിൽ മാധ്യമ സമ്മേളനം നടത്താത്തതു മാധ്യമങ്ങളോടുള്ള അവജ്ഞകൊണ്ടാണെന്നും ചിലർ പറഞ്ഞു. എന്നാൽ, അടുത്തകാലത്ത് നിത്യേന മാധ്യമങ്ങളെ കണ്ടുതുടങ്ങി. അപ്പോൾ അതിനെതിരെയായി ചിലരുടെ വിമർശനം.
പത്രസമ്മേളനം നടത്തണോ എന്നു നിശ്ചയിക്കുന്നത് ഞാനല്ല, വിഷയങ്ങളുടെ ഗൗരവമാണ്. അതേപോലെ, ഞാൻ പത്രസമ്മേളനത്തിൽ എന്തു പറയണം എന്ന അജണ്ടയോടെ എത്തുന്നവർക്കു നിരാശയുണ്ടാവുന്നുണ്ടാവും. അതിന് ഞാനോണോ കുറ്റക്കാരൻ? പ്രത്യേക അജണ്ടയോടെയുള്ള ചോദ്യങ്ങൾ ഒഴിവാക്കിയാൽ പ്രശ്നം തീരും.
മാധ്യമങ്ങളെ അകറ്റിനിർത്തുന്നു എന്നതു സത്യമല്ല എന്നതിന്റെ ദൃഷ്ടാന്തമാണല്ലോ നിത്യേനയുള്ള പത്രസമ്മേളനങ്ങളും ചോദ്യോത്തരങ്ങളും.
