Local newsMALAPPURAM

ബ്ലാക്ക് ഫംഗസ് ബാധ മലപ്പുറത്തും, അറുപത്തി രണ്ടുകാരന്റെ കണ്ണ് നീക്കം ചെയ്തു

തിരൂർ: കോവിഡ് രോഗികൾക്കു ഭീഷണിയാകുന്ന ബ്ലാക്ക് ഫംഗസ് ബാധ മലപ്പുറം, കോട്ടയം ജില്ലകളിൽ റിപ്പോർട്ട് ചെയ്തു. മലപ്പുറം ജില്ലയിൽ ആദ്യമായാണ് രോഗബാധ സ്ഥിരീകരിക്കുന്നത്. തിരൂര്‍ ഏഴൂര്‍ സ്വദേശിയായ അറുപത്തിരണ്ടുകാരനാണ് ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കര്‍മൈക്കോസെസ് ബാധിച്ചത്. നേരത്തെ കൊല്ലം ജില്ലയിലും ഫംഗസ് റിപ്പോർട്ട് ചെയ്തിരുന്നു.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തിരൂര്‍ സ്വദേശിയുടെ ഒരു കണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി നിലവില്‍ തൃപ്തികരമാണെങ്കിലും ഏതുനിമിഷവും മോശമാകാനുള്ള സാധ്യതയുണ്ടെന്നും ബ്ലാക്ക് ഫംഗസ് ചികിത്സ അതീവ വെല്ലുവിളി നിറഞ്ഞതാണെന്നും ആശുപത്രിയിലെ കോവിഡ് നോഡല്‍ ഓഫീസറായ ഡോക്ടര്‍ പറഞ്ഞു.

കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ഏപ്രില്‍ 25നു മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് രോഗിയെ ആദ്യം പ്രവേശിപ്പിച്ചത്. ന്യൂമോണിയ ബാധയുണ്ടായിരുന്നു. ഭേദമായതിനെത്തുടര്‍ന്ന് വീട്ടില്‍ പോയി സമ്പര്‍ക്ക വിലക്കില്‍ തുടര്‍ന്നു. ശക്തമായ തലവേദനയും മുഖത്ത് മരവിപ്പും കാഴ്ചയ്ക്കു മങ്ങലുമുണ്ടായതോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇവിടെ നിന്നാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കുന്നത്. തുടര്‍ന്നു കോഴിക്കോട്ടെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

കോഴിക്കോട്ടെ ആശുപത്രിയിലെ മൂന്നാമത്തെ ബ്ലാക്ക് ഫംഗസ് രോഗിയാണിത്. ആദ്യ രണ്ടുപേരെയും രക്ഷിക്കാന്‍ കഴിഞ്ഞില്ല. പ്രമേഹം ഗുരുതരമായതും സ്വഭാവിക രോഗപ്രതിരോധ ശേഷി കുറഞ്ഞവരുമായ കോവിഡ് രോഗികളിലാണ് ബ്ലാക്ക് ഫംഗസ് കാര്യമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. തിരൂര്‍ സ്വദേശി പ്രമേഹ രോഗിയാണ്.

മ്യൂക്കോമിസൈറ്റുകള്‍ എന്ന പൂപ്പലുകള്‍ അന്തരീക്ഷത്തില്‍നിന്ന് മൂക്കിലൂടെ സൈനസുകള്‍ വഴി കണ്ണില്‍ പ്രവേശിച്ച് തലച്ചോറിലും ശ്വാസകോശത്തിലുമെത്തുന്നു. മിക്ക ബ്ലാക്ക് ഫംഗസ് കേസുകളും ചികിത്സയിലൂടെ മാറാറുണ്ട്. എന്നാല്‍ രോഗം ഗുരുതരമാകുന്ന ചില കേസുകളില്‍ രോഗം ബാധിച്ച ശരീരഭാഗങ്ങള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടതായി വരാറുണ്ട്. കണ്ണ്, കവിളെല്ല് എന്നിങ്ങനെ നീക്കം ചെയ്യേണ്ടി വരുന്ന കേസുകള്‍ രാജ്യത്ത് കൂടി വരികയാണ്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അത്രത്തോളമില്ലെങ്കിലും സംസ്ഥാനത്തും രോഗികളുടെ എണ്ണം കൂടുകയാണ്. പല ആശുപത്രികളിലും കോവിഡ് രോഗികളില്‍ ബ്ലാക്ക് ഫംഗസ് കേസുകള്‍ ടെസ്റ്റ് ചെയ്ത് കണ്ടെത്താനുള്ള സാവകാശം ലഭിക്കാറില്ല. അതുകൊണ്ടു തന്നെ സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് കേസുകള്‍ കൂടുതലുണ്ടാവാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ കരുതുന്നത്.

കണ്ണിനു ചുറ്റും അല്ലെങ്കില്‍ മൂക്കിനുചുറ്റുമുള്ള വേദനയും ചുവപ്പും, പനി, തലവേദന, ചുമ, ശ്വാസതടസം, രക്തം കലര്‍ന്ന ഛര്‍ദ്ദി, മാനസികാവസ്ഥയിലെ മാറ്റം എന്നിവയോടെയാണ് മുന്നറിയിപ്പ് ലക്ഷണങ്ങള്‍. സൈനസൈിറ്റിസ്, മൂക്കടപ്പ്, കറുത്ത നിറത്തിലും രക്തം കലര്‍ന്നമുള്ള മൂക്കൊലിപ്പ്, കവിള്‍ അസ്ഥിയില്‍ വേദന, മുഖത്തിന്റെ ഒരു ഭാഗത്ത് വേദന, മരവിപ്പ് അല്ലെങ്കില്‍ നീര്‍വീക്കം, മൂക്കിന്റെ പാലത്തിന് അല്ലെങ്കില്‍ അണ്ണാക്കിനു മുകളില്‍ കറുത്ത നിറം, പല്ലുകള്‍ക്കും താടിയെല്ലിനും ഇളക്കം, വേദനയോടുകൂടിയ കാഴ്ച മങ്ങല്‍ അല്ലെങ്കില്‍ ഇരട്ടക്കാഴ്ച, ധമനികളില്‍ രക്തം കട്ടപിടിക്കല്‍, കോശമരണം, തൊലിക്കു കേടുവരല്‍, നെഞ്ചുവേദന, ശ്വസന ലക്ഷണങ്ങള്‍ വഷളാകല്‍ എന്നിവ ശ്രദ്ധിക്കണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button