മഹാഭാരതം പത്ത് ഭാഗങ്ങളുള്ള സിനിമയാക്കും; സ്വപ്ന പദ്ധതിയെക്കുറിച്ച് എസ്.എസ്. രാജമൗലി
“ഞാൻ മഹാഭാരതം സിനിമയാക്കുന്ന ഒരു ഘട്ടത്തിലേയ്ക്ക് എത്തുകയാണെങ്കിൽ രാജ്യത്ത് ലഭ്യമായ മഹാഭാരതത്തിന്റെ പതിപ്പുകൾ വായിക്കാൻ മാത്രം എനിക്ക് ഒരു വർഷമെടുക്കും. നിലവിൽ ഇത് 10 ഭാഗങ്ങളുള്ള ഒരു സിനിമയായിരിക്കുമെന്ന് മാത്രമേ എനിക്ക് പറയാൻ കഴിയൂ,” തന്റെ ഭാര്യാസഹോദരൻ ഡോ. എ വി ഗുരുവ റെഡ്ഡിയോട് സംസാരിക്കവെ രാജമൗലി പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.“ഞാൻ ചെയ്യുന്ന ഓരോ സിനിമയും ആത്യന്തികമായി മഹാഭാരതം നിർമ്മിക്കാൻ വേണ്ടിയുള്ള എന്റെ പഠനത്തിന്റെ ഭാഗമാണെന്ന് ആണ് എനിക്ക് തോന്നുന്നത്, അതിനാൽ അതാണ് എന്റെ സ്വപ്നം എന്ന് കരുതുന്നു, ഓരോ ചുവടും അതിലേക്കാണ് ഞാൻ പോകുന്നത്, ” രാജമൗലി കൂട്ടിച്ചേർത്തു.
ഇതാദ്യമായല്ല മഹാഭാരതം സിനിമ ചെയ്യുന്നതിനെക്കുറിച്ച് എസ്എസ് രാജമൗലി തുറന്നു പറയുന്നത്. മഹാഭാരതം താൻ സിനിമ ആക്കുമ്പോൾ ഇപ്പോൾ എല്ലാവരും വായിച്ചതിൽ നിന്ന് വ്യത്യസ്തമായിരിക്കുമെന്നും തന്റെ സിനിമയിലെ കഥാപാത്രങ്ങളെ കൂടുതൽ ‘മെച്ചപ്പെടുത്തും’ എന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.