KERALA

ക്ലാസ് കട്ട് ചെയ്ത് മുങ്ങാനോ? വീട്ടിലേക്ക് ഫോൺ വിളിയെത്തും; അച്ചടക്കമുറപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം : പ്ലസ് വൺ ക്ലാസിൽ എത്തിയില്ലെങ്കിൽ വീട്ടിലേക്ക് അധ്യാപകരുടെ ഫോൺ വിളിയെത്തും. പ്ലസ് വൺ ക്ലാസുകൾ തുടങ്ങുമ്പോൾ അച്ചടക്കമുറപ്പാക്കാനും ക്ലാസുകളിൽ നിന്ന് മുങ്ങുന്നവരെ പൊക്കാനും പ്രത്യേക നിർദേശങ്ങളിറക്കിയിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. ക്ലാസ് തുടങ്ങുന്ന ദിവസം തന്നെ മുഴുവൻ കുട്ടികളുടെയും രക്ഷിതാക്കളുടെ ഫോൺ നമ്പർ വാങ്ങിവെക്കാനാണ് നിർദേശം. കുട്ടികൾ ക്ലാസിലെത്തിയില്ലെങ്കിൽ രക്ഷിതാക്കളെ വിളിച്ച് അന്വേഷിക്കണമെന്നും നിർദേശമുണ്ട്. മയക്കുമരുന്നിനെതിരായ അവബോധം കൂടി ശക്തമാക്കുമ്പോഴാണ് ഈ നിർദേശമെന്നതാണ് ശ്രദ്ധേയം.

ഇത്തവണ കാര്യങ്ങൾ കൂടുതൽ കർശനമാകണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശങ്ങളിൽ പറയാതെ പറയുന്നത്. ക്ലാസ് തുടങ്ങുമ്പോൾ കുട്ടികളെ സ്വാഗതം ചെയ്ത് പ്രത്യേകം പൊതു പരിപാടി വെയ്ക്കണം. രക്ഷിതാക്കളും ഒപ്പം വേണം. സ്കൂളിനെയും അധ്യാപകരെയും പരിചയപ്പെടുത്തുന്നതിനൊപ്പം അച്ചടക്കം പ്രത്യേകം ഓർമ്മിപ്പിക്കണം. ലഹരിക്കെതിരായ അവബോധം പ്രത്യേകം നൽകണം. ഇത് രക്ഷിതാക്കൾക്ക് കൂടിയുള്ളതാണ്.

അതേ ദിവസം തന്നെ അധ്യാപകർ കുട്ടികളുടെ രക്ഷിതാക്കളുടെ ഫോൺ നമ്പർ വാങ്ങണം. തന്റെ ഫോൺ നമ്പർ രക്ഷിതാക്കൾക്കും നൽകണം. വിദ്യാർത്ഥി ക്ലാസിൽ എത്തിയില്ലെങ്കിൽ വീട്ടിലേക്ക് വിളിക്കണം. രക്ഷിതാക്കളോട് കാര്യമന്വേഷിക്കണം. മുങ്ങൽ നടപ്പില്ലെന്ന് ചുരുക്കം. സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരിമരുന്ന് ആശങ്ക ശക്തമാകുമ്പോഴാണ് ഈ നിർദേശങ്ങളുടെ പ്രസക്തി. ജൂലൈ അഞ്ചിനാണ് പ്ലസ് വൺ ക്ലാസുകൾ തുടങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 25 നാണ് ക്ലാസുകള്‍ തുടങ്ങിയതെങ്കിൽ ഇത്തവണ ബഹുദൂരം നേരത്തെ. ക്ലാസ് തുടങ്ങിയാലും സപ്ലിമെന്ററി അലോട്മെന്റുകൾ തുടരും. അഡ്മിഷൻ കിട്ടാത്ത കുട്ടികളുടെയും കുറവുള്ള സീറ്റുകളുടെയും കണക്ക് താലൂക്ക് തലത്തിൽ എടുക്കും. പഠിക്കാനുള്ള സാഹചര്യം ഒരുക്കുമെന്നാണ് വിദ്യാഭ്യാസ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥതല യോഗത്തിലെ ഉറപ്പ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button