മഴക്കെടുതി; തൃത്താല മേഖലയിൽ വ്യാപക നാശനഷ്ടം
മഴ കനത്തതോടെ കെടുതികൾ വ്യാപകം. തൃത്താല നിയോജകമണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ കാറ്റിൽ മരം വീണ് നിരവധി വീടുകൾക്ക് നാശം നേരിട്ടു. ചാലിശ്ശേരി ആനപ്പറമ്പിൽ മുഹമ്മദിൻ്റെ ഭാര്യ സുബൈദയുടെ വീടിന്റെ മുൻഭാഗത്തേക്ക് മരം വീണു. ഭാഗികമായ നഷ്ടം ഉണ്ടായി. ചാലിശ്ശേരി ചോലറോഡിൽ ആലിങ്ങൽ വീട്ടിൽ മുഹമ്മദിൻ്റെ ഓടിട്ട വീടിന്റെ മുൻവശത്തുള്ള നെല്ലിമരം കടപുഴകി വീണ് വീടിന്റെ മുൻവശം ഭാഗികമായും ഗുഡ്സ് വണ്ടി പൂർണമായും തകർന്നു. നാഗലശ്ശേരി വില്ലേജിൽ കൂറ്റ്പറമ്പിൽ സരിത, കോലഴി ദേവകി എന്നിവരുടെ വീടുകൾക്ക് മേലെ മരങ്ങൾ പൊട്ടി വീണ് ഭാഗിക നാശനഷ്ടം ഉണ്ടായി. കൂടാതെ വസന്ത പുരണ്ടിക്കൽ, രാജൻ ഒരുപ്പാക്കയിൽ എന്നിവരുടെ വീടുകൾ കനത്ത മഴയിൽ ഭാഗികമായി തകർന്ന് വീണു. തിരുമിറ്റക്കോട് മതുപ്പുള്ളി കല്ലിപറമ്പിൽ പടി ശങ്കരൻ്റെ ഭാര്യ കാർത്ത്യയനിയുടെ വീടിനു മുകളിൽ തെങ്ങു കടപുഴകി വീണ് നാശം സംഭവിച്ചു. ചാത്തന്നൂർ ഗവ. ഹൈസ്കൂൾ കെട്ടിട്ടത്തിന് മുകളിൽ നെല്ലി മരത്തിന്റെ കൊമ്പ് പൊട്ടിവീണു രണ്ടു കെട്ടിട്ടങ്ങൾക്ക് ഭാഗികമായി നാശം സംഭവിച്ചു. ചാലിശ്ശേരി വില്ലേജ് ഓഫീസിന്റെ തെക്കു ഭാഗത്തു നിന്നിരുന്ന തേക്കിന്റെ കൊമ്പ് ഒടിഞ്ഞു വീണെങ്കിലും നാശ നഷ്ടങ്ങൾ ഒഴിവായി. തിരുമിറ്റക്കോട് ചാഴിയാട്ടിരി വെട്ടേക്കാട്ട് ശിവശങ്കരൻ ഭാര്യ ശാന്തകുമാരിയുടെ വീട്ടിൽ പുളിമരം കടപുഴകി വീണ് നാശം സംഭവിച്ചു. തിരുമിറ്റക്കോട് ഇറുമ്പകശ്ശേരി എൽ.പി സ്കൂളിന് മുൻവശം അപകടകരമായി നിന്ന മരങ്ങൾ മുൻകരുതലെന്ന നിലയിൽ PWD മുറിച്ചു മാറ്റി. മേലെ പട്ടാമ്പി ആലിക്കൽ ബഷീറിൻ്റെ വീടിന് മീതെ മരം വീണ് ഭാഗിക നാശമുണ്ടായി.