മഴക്കാലമായതോടെ ആഫ്രിക്കൻ ഒച്ചിന്റെ ശല്ല്യം വ്യാപകമായിത്തുടങ്ങി


മഴക്കാലമായതോടെ തിരുമിറ്റക്കോട് നാഗലശ്ശേരി പഞ്ചായത്ത് പ്രദേശങ്ങളിലാണ് ആഫ്രിക്കൻ ഒച്ചിന്റെ ശല്യം വീണ്ടും കണ്ടു തുടങ്ങിയത്. മതിലുകളിലും ചെളിയിലും മുറ്റത്തും മരങ്ങളിലും എല്ലാം അറ്റം ചേർന്നിരിക്കുന്ന ആഫ്രിക്കൻ ഒച്ചിനെ കൊണ്ട് നാട്ടുകാർ വലഞ്ഞിരിക്കുകയാണ്. ചെടികൾ മാത്രമല്ല ഇവയുടെ ഭക്ഷണം, സിമന്റും കോൺക്രീറ്റും എല്ലാം ഇവയുടെ ഭക്ഷണമാണ് എന്നതാണ് മറ്റൊരു വസ്തുത. ആഫ്രിക്കൻ ഒച്ച് കിണറ്റിൽ എങ്ങാനും വീണാൽ കിണർ വെള്ളത്തിന് നിറവ്യത്യാസം വരികയും ചെയ്യും. ഒച്ചു ശല്യത്തിന് എങ്ങനെ എങ്ങനെ പരിഹാരം കാണാൻ സാധിക്കും എന്ന് അറിയാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ്. പ്രധാനമായും ചാത്തന്നൂർ ഹയർസെക്കൻഡറി സ്കൂളിന്റെ ചുറ്റുമതിലിലും പരിസരപ്രദേശങ്ങളിലും കൂടാതെ നാഗലശ്ശേരി പഞ്ചായത്തിലെ ചക്കളിക്കുന്ന് പരിസരങ്ങളിലും മറ്റുമാണ് ആഫ്രിക്കൻ ഒച്ചിന്റെ ശല്യം നിയന്ത്രണാതതീമായിരിക്കുന്നത്. തൃത്താല പഞ്ചായത്തിന്റെ ചിലയിടങ്ങളിലും ആഫ്രിക്കൻ ഒച്ചിനെ കണ്ടെത്തിയിട്ടുണ്ടെങ്കിലും എണ്ണത്തിൽ കുറവാണ്. ഉപ്പ് വിതറി ഇവയെ കൊല്ലാമെങ്കിലും അതുവഴി മണ്ണിന്റെ രാസഘടന വ്യത്യാസപ്പെടുമോ എന്ന ആശങ്കയും നാട്ടുകാർക്കുണ്ട്. ആഫ്രിക്കൻ ഒച്ചിന്റെ വിസർജ്യം വഴി മസ്തിഷ്കജ്വരം പടർന്നു പിടിക്കുമെന്ന ആശങ്കയും നാട്ടുകാരിലുണ്ട്. മൂന്നുവർഷം വരെ സമാധിയായി കൂടിനുള്ളിൽ താമസിക്കാൻ കഴിയും എന്നതുകൊണ്ട് ഇവയെ തുരത്താനും വളരെയധികം ബുദ്ധിമുട്ടേണ്ടതുണ്ട്. ഇവ വർഷത്തിൽ അഞ്ചു മുതൽ 6 തവണ മുട്ടകളിടും. അതിൽ ഓരോ തവണയും 800 മുതൽ 900 വരെ മുട്ടകൾ വരെ ഉണ്ടാവും. ഇതിൽ 90% വും മുട്ടകൾ വിരിഞ്ഞ കുഞ്ഞുങ്ങൾ പുറത്തുവരും. ഇത്തരം ഒച്ചുകൾക്ക് കാബേജിലയും പപ്പായ ഇലയും ഏറെ ആകർഷണം ഉള്ളവയാണ് . അതിനാൽ ഇവയെ ഇത്തരം ഇലകൾ വിതറി ആകർഷിച്ച ശേഷം ഉപ്പിട്ട് വകവരുത്താറാണ് പതിവ്. കൈയുറടെ ധരിച്ച ശേഷം മാത്രമേ ഇവയെ നീക്കം ചെയ്യാൻ സാധിക്കൂ. പുകയില കഷായമോ തുരിശ് ലായനിയോ ഉപയോഗിച്ച് ഇത്തരം ഒച്ചുകളെ തുരത്താവുന്നതാണ്.
