ചങ്ങരംകുളം പന്താവൂരിൽ യുവാവിനെ കൊലപ്പെടുത്തിയത് വിഗ്രഹം നൽകാമെന്നു പറഞ്ഞു വിളിച്ചു വരുത്തി;പ്രതികളുമായി തെളിവെടുപ്പ് നടന്നുകൊണ്ടിരിക്കുന്നു.

എടപ്പാൾ: ചങ്ങരംകുളം പന്താവൂരിൽ യുവാവിനെ ആറ് മാസം മുന്‍പ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സുഹൃത്തുകളുമായി തെളിവെടുപ്പ് ഇന്ന്. ഇരുപത്തിയഞ്ചുകാരനായ ഇർഷാദിന്റെ മൃതദേഹം തള്ളിയ നടുവട്ടത്തെ കിണറ്റിൽ പരിശോധന നടത്തും. പഞ്ചലോഹ വിഗ്രഹം നൽകാമെന്നു പറഞ്ഞു പണം കൈക്കലാക്കിയ ശേഷമാണ് വട്ടംകുളം സ്വദേശികളായ സുഭാഷും എബിനും ഇർഷാദിനെ കൊലപ്പെടുത്തിയത്.
കഴിഞ്ഞ ജൂണ്‍ പതിനൊന്നിനാണ് പന്താവൂർ കാളാച്ചാൽ സ്വദേശി ഇർഷാദ് ഹനീഫയെ കാണാതായത്. കുടുംബത്തിന്റെ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതികളും ഇർഷാദും തമ്മില്‍ നടത്തിയ പണമിടപാടിനെക്കുറിച്ച് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ക്ഷേത്ര പൂജാരിയായ സുഭാഷ് പഞ്ചലോഹ വിഗ്രഹം നല്‍കാമെന്ന് പറഞ്ഞ് ഇര്‍ഷാദില്‍നിന്ന് അഞ്ചുലക്ഷം രൂപ കൈക്കലാക്കി. കബളിപ്പിക്കപ്പെട്ടെന്നു ബോധ്യമായതോടെ ഇര്‍ഷാദ് പണം തിരികെ ആവശ്യപ്പെട്ടു. ഇതോടെ ഇര്‍ഷാദിനെ വകവരുത്താനായി സുഭാഷിന്റെ ശ്രമം. കൊലപാതകത്തിനു പദ്ധതി മെനഞ്ഞ സുഭാഷ് സുഹൃത്ത് എബിനെയും കൂട്ടുപിടിച്ചു.
വിഗ്രഹം തരാമെന്ന് പറഞ്ഞ് ഇര്‍ഷാദിനെ സുഭാഷ് തന്റെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തി. ക്ലോറോഫോം നല്‍കി ബോധരഹിതനാക്കിയ ശേഷം തലയ്ക്കു പിന്നിലടിച്ചു കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തല്‍. കൊലപാതകശേഷം ഇർഷാദിന്റെ മൃതദേഹം നടുവട്ടത്തുള്ള കിണറ്റിൽ തള്ളിയതായാണു സൂചന. പരിശോധന നടത്തി മൃതദേഹം കണ്ടെത്തേണ്ടതുണ്ട്. ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

