മലയാള സിനിമയുടെ ഭാവിയെ രൂപപ്പെടുത്താൻ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ‘സിനിമാ കോണ്‍ക്ലേവ്’ ആഗസ്റ്റ് 2, 3 തീയതികളിൽ

മലയാള സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹിക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സിനിമാ കോണ്‍ക്ലേവ് അടുത്തമാസം നടക്കും. സംസ്ഥാനത്ത് ഒരു സിനിമാ നയം രൂപീകരിക്കുന്നതിനും സിനിമാ മേഖലയിലെ വിവിധ വിഷയങ്ങൾ ശാശ്വതമായി പരിഹരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് സിനിമാ കോണ്‍ക്ലേവ്. വേതന, സേവന മേഖലയിലെ അസമത്വങ്ങളും, സിനിമാ പ്രവര്‍ത്തകരുടെ സുരക്ഷിതത്വവും ഉറപ്പാക്കുകയെന്ന ലക്ഷ്യമാണ് കോണ്‍ക്ലേവിലൂടെ സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. സിനിമാ കോണ്‍ക്ലേവ് ആഗസ്റ്റ് 2, 3 തീയതികളില്‍ നിമയമസഭാ സമുച്ഛയത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാളിലാണ് നടക്കുക.നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മലയാള സിനിമയിലെ സ്ത്രീകൂട്ടായ്മ മുഖ്യമന്ത്രിയെ കണ്ട് സിനിമാ മേഖലയിലെ അസമത്വങ്ങളും അനീതിയും സ്ത്രീകള്‍ക്കുനേരെയുണ്ടാവുന്ന ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു ഹേമ കമ്മിറ്റി രൂപീകരിച്ചത്.സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കുന്നതിനും പ്രശ്‌നപരിഹാരത്തിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുമായാണ് മുന്‍ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ഹേമ അധ്യക്ഷയായുള്ള കമ്മിറ്റി രൂപീകരിച്ചത്. വനിതാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിടുന്ന ലൈംഗികാതിക്രമം, മിനിമം വേതനം പോലും നല്‍കാതിരിക്കല്‍ തുടങ്ങിയ വിഷയങ്ങളാണ് ഹേമ കമ്മിറ്റിക്കുമുന്നില്‍ ലഭിച്ച മൊഴികളും പരാതികളും ഉള്‍പ്പെടുത്തി ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. എ കെ ബാലന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രിയായിരിക്കെയാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെങ്കിലും അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റിപ്പോര്‍ട്ട് ഭാഗീകമായി സര്‍ക്കാര്‍ പുറത്തുവിടാന്‍ തയ്യാറായത്.ഹേമ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടവ സര്‍ക്കാര്‍ ഒരു കോണ്‍ക്ലേവ് സംഘടിപ്പിച്ച് ചര്‍ച്ച ചെയ്യണം എന്നായിരുന്നു. മലയാള സിനിമാ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടും കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കുന്നു.എന്നാല്‍ 2024 നവംബറില്‍ കൊച്ചിയില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച കോണ്‍ക്ലേവ് പല കാരണങ്ങളാല്‍ തീയതികള്‍ മാറിക്കൊണ്ടേയിരുന്നു. ഒടുവില്‍ കോണ്‍ക്ലേവ് യാഥാര്‍ത്ഥ്യമാവുകയാണ്. വിവിധ സിനിമാ സംഘടനകള്‍, സിനിമാ പ്രവര്‍ത്തകര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന സമിതിയാണ് കോണ്‍ക്ലേവില്‍ ചര്‍ച്ചകള്‍ നയിക്കുന്നത്. ആരോപണ വിധേയരായവരെ ഒഴിവാക്കണമെന്ന ആവശ്യങ്ങള്‍ പരിഗണിച്ച്, നടന്‍ മുകേഷ് എം എല്‍ എയെ സമിതിയില്‍ നിന്നും ഒഴിവാക്കിയതും, ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ സമിതിയില്‍ നിന്നും രാജിവെച്ചതും വിവാദങ്ങള്‍ക്ക് വഴിയൊരുങ്ങി. സമിതി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ കഴിഞ്ഞ മാസം വിടപറഞ്ഞു. കോണ്‍ക്ലേവ് പ്രഖ്യാപിച്ചതിനാല്‍ നടത്താന്‍ നിര്‍ബന്ധിതരായി എന്നാണ് സര്‍ക്കാരിന്റെ നീക്കങ്ങള്‍ വ്യക്തമാക്കുന്നത്. ആരൊക്കെ പങ്കെടുക്കുമെന്നതില്‍ സര്‍ക്കാരിന് വ്യക്തതയില്ല. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമാ പ്രവര്‍ത്തകര്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നത്.സിനിമാ താരങ്ങളുടെ സംഘടനാ പ്രതിനിധികള്‍, നിര്‍മാതാക്കളുടേയും വിതരണക്കാരുടേയും സംഘടനാ പ്രതിനിധികള്‍, ഫിലിംചേമ്പര്‍, ഫെഫ്ക തുടങ്ങിയ സംഘടനാ പ്രതിനിധികളാണ് മുഖ്യമായും ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടത്. എന്നാല്‍ നിര്‍മാതാക്കളുടെ സംഘടനയും ഫിലിം ചേമ്പറും കോണ്‍ക്ലേവില്‍ പങ്കെടുക്കില്ലെന്നാണ് നിലവിലുള്ള നിലപാട്. എല്ലാവരേയും പങ്കെടുപ്പിക്കുമെന്ന് പറയുമ്പോഴും പഴയവീറും വാശിയുമൊന്നും സാംസ്‌കാരിക വകുപ്പിനും ഇല്ല. സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് സമര്‍പ്പിച്ച വിവിധ ആവശ്യങ്ങള്‍ പരിഗണിക്കാത്തതാണ് നിര്‍മാതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്.വൈദ്യുതി ചാര്‍ജ് കുറച്ചുതരണമെന്ന ആവശ്യമുയര്‍ത്തി തിയേറ്റര്‍ ഉടമകള്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ട് വര്‍ഷങ്ങളായി. ഇതില്‍ സര്‍ക്കാര്‍ ഇന്നേവരെ പ്രതികരിച്ചിട്ടില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഭാഗികമായി പുറത്തുവിട്ടതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളെ തുടര്‍ന്നാണ് കൊച്ചിയില്‍ വച്ച് സിനിമാ കോണ്‍ക്ലേവ് നടത്തുമെന്നും, ഈ കോണ്‍ക്ലേവില്‍ വച്ച് സിനിമ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നുമായിരുന്നു സര്‍ക്കാര്‍ ഭാഷ്യം.എന്നാൽ ഒരു വര്‍ഷം മുന്‍പ് കൊച്ചിയില്‍ നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യപിച്ച സിനിമാ കോണ്‍ക്ലേവ് അടുത്തമാസം തിരുവനന്തപുരത്ത് നടക്കുന്നത്. ഉദ്യോഗസ്ഥ തലത്തില്‍ ഏറെ മാസങ്ങള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിൽ ഫലം എന്തായിരിക്കുമെന്ന് സിനിമ പ്രവര്‍ത്തകര്‍ക്ക് ആശങ്കയുണ്ട്. കൊച്ചിയില്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന കോണ്‍ക്ലേവായിരുന്നു സാംസ്‌കാരിക വകുപ്പ് പ്ലാന്‍ ചെയ്തിരുന്നത്. എന്നാൽ റവന്യൂ കൊച്ചിയില്‍ നിന്നും മാറ്റിയതും മൂന്നു ദിവസത്തെ കോണ്‍ക്ലേവ് എന്നത് രണ്ടു ദിവസമായി കുറച്ചതും മറ്റും ഫലത്തില്‍ ഗുണകരമാവുമോ എന്നാണ് ഭൂരിപക്ഷം പേരുടേയും ആശങ്ക.സിനിമയില്‍ ലഭിക്കേണ്ട മിനിമം വേതന വ്യവസ്ഥകള്‍ അടക്കം കോണ്‍ക്ലേവില്‍ വിശദമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കോണ്‍ക്ലേവിന് ശേഷം രണ്ടുമാസത്തിനുള്ളില്‍ സിനിമാ നയത്തിന്റെ കരട് പ്രഖ്യാപിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
