മലബാറില്‍ ഹിറ്റായി കെ-ഫോണ്‍; ഉപയോക്താക്കള്‍ കൂടുതൽ മലപ്പുറം ജില്ലയില്‍
![](https://edappalnews.com/wp-content/uploads/2025/01/2488cf3f-eb43-4b6a-bd93-9ef6f52d0982.jpg)
കോഴിക്കോട് : കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കണക്ഷനായ കെ-ഫോണ്‍ ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍ മലബാറില്‍. വീടുകളിലും സ്വകാര്യ സ്ഥാപനങ്ങളിലുമുള്‍പ്പെടെ കേരളത്തിലാകെ 52,463 വാണിജ്യ(ഹോം) കണക്ഷനുകളാണുള്ളത്. അതില്‍ 26,966 ഉപയോക്താക്കളും മലബാറിലാണ്. മലപ്പുറമാണ് സംസ്ഥാനത്ത് മുന്നില്‍. മലപ്പുറം ജില്ലയില്‍മാത്രം 11,894 ഹോം കണക്ഷനുകളുണ്ട്. സര്‍ക്കാര്‍ ഓഫീസുകളിലെ കണക്ഷന്‍കൂടി പരിഗണിക്കുമ്പോള്‍ മലബാര്‍ മറ്റു ജില്ലകളിലെക്കാള്‍ ബഹുദൂരം മുന്നിലാവും.
കെ-ഫോണിന് സംസ്ഥാനത്താകെ 75,810 കണക്ഷനുകളാണുള്ളത്. 23,347 സര്‍ക്കാര്‍ ഓഫീസുകളിലാണ് ഇതുവരെ കണക്ഷന്‍ നല്‍കിയത്. ഈ വര്‍ഷം അവസാനമാവുന്നതോടെ മൂന്നുലക്ഷം കടക്കുകയാണ് ലക്ഷ്യമെന്ന് കെ-ഫോണ്‍ മാനേജിങ് ഡയറക്ടര്‍ ഡോ. സന്തോഷ് ബാബു പറഞ്ഞു. 2024 മാര്‍ച്ചിലാണ് വാണിജ്യ കണക്ഷന്‍ നല്‍കാന്‍ ആരംഭിച്ചത്. ഒരുവര്‍ഷം തികയുന്നതിനുമുന്‍പ് തന്നെ നേട്ടമുണ്ടാക്കാന്‍കഴിഞ്ഞു. കേരളത്തിലുടനീളം 40 ലക്ഷത്തോളം ഇന്റര്‍നെറ്റ് കണക്ഷനുകള്‍ നല്‍കാന്‍പറ്റുന്ന അടിസ്ഥാനസൗകര്യങ്ങള്‍ കെ-ഫോണ്‍ സജ്ജീകരിച്ചിട്ടുണ്ട്. പലയിടത്തും റോഡുകളുടെ നിര്‍മാണപ്രവൃത്തി നടക്കുന്നത് കണക്ഷന്‍ നല്‍കാന്‍ തടസ്സമാവുന്നുണ്ട്.
പാലക്കാട് അട്ടപ്പാടി, വയനാട് കണിയാന്പറ്റയിലെ പന്തലാടിക്കുന്ന്, തിരുവനന്തപുരം കോട്ടൂര്‍ എന്നിവിടങ്ങളിലെ ആദിവാസി കോളനികളിലും വനഗ്രാമങ്ങളിലുമായി അഞ്ഞൂേറാളം കണക്ഷനുകള്‍ കെ-ഫോണ്‍ സി.എസ്.ആര്‍.ഫണ്ടിന്റെ സഹായത്തോടെ സൗജന്യമായി നല്‍കിയിട്ടുണ്ട്. കേരളത്തിലെ 4600 ആദിവാസി ഉന്നതികളിലും ഇങ്ങനെ സൗജന്യമായി കണക്ഷന്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് സന്തോഷ് ബാബു പറഞ്ഞു.
3,693 ലോക്കല്‍ നെറ്റ്വര്‍ക്ക് ഓപ്പറേറ്റര്‍മാരാണ് നിലവില്‍ കെ-ഫോണ്‍ കണക്ഷന്‍ വീടുകളിലേക്ക് ലഭ്യമാക്കാനായി പ്രവര്‍ത്തിക്കുന്നത്. സ്വകാര്യ ഇന്റര്‍നെറ്റ് കന്പനികളുടേതുപോലെ ഫോണ്‍കണക്ഷന്‍ കൂടി ലഭ്യമാക്കുക എന്ന ലക്ഷ്യം കെ-ഫോണിനുണ്ട്. പക്ഷേ, അത് യാഥാര്‍ഥ്യമാവാന്‍ ഒട്ടേറെ കടന്പകളുണ്ട്.
എങ്ങനെ അപേക്ഷിക്കാം ?
വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കേബിള്‍ ടി.വി. ഓപ്പറേറ്റര്‍മാര്‍വഴി കണക്ഷന്‍ നേടാം. കെ-ഫോണ്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വരിക്കാരാവാം. പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ആപ്ലിക്കേഷന്‍ ലഭ്യമാണ്. കെ- ഫോണിന്റെ വെബ്‌സൈറ്റിലൂടെ(https://kfon.kerala.gov.in) യും വിവരങ്ങള്‍ നല്‍കി വരിക്കാരാവാം. വെബ്സൈറ്റില്‍ വിവരങ്ങള്‍ നല്‍കിയാല്‍ കെ-ഫോണ്‍ അധികൃതര്‍ ബന്ധപ്പെടും.
![](http://edappalnews.com/wp-content/uploads/2025/01/logo.png)