KERALA

മലബാറിലെ ടൂറിസം സാധ്യത: ടൂറിസം വകുപ്പിന്റെ ബിടുബി മീറ്റ് ഞായറാഴ്ച

ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ബിസിനസ് ടു ബിസിനസ് (ബി ടു ബി) മീറ്റ് ഞായറാഴ്ച (ജനുവരി 19) നടക്കും. മെട്രോ എക്സ്പെഡീഷന്റെ സഹകരണത്തോടെയാണ് ‘ഗേറ്റ്വേ ടു മലബാര്‍: എ ടൂറിസം ബി2ബി മീറ്റ്’ എന്ന പരിപാടി കോഴിക്കോട് റാവിസ് കടവില്‍ സംഘടിപ്പിക്കുന്നത്. മലബാറിന്റെ വൈവിധ്യമാര്‍ന്ന ടൂറിസം സാധ്യതകള്‍ ലോകത്തിന് മുന്നില്‍ കൊണ്ടുവരികയാണ് പരിപാടിയുടെ ലക്ഷ്യം. രാജ്യത്താകമാനമുള്ള വിനോദസഞ്ചാര മേഖലയിലെ പ്രമുഖരുമായി ദൃഢവും ഫലപ്രദവുമായ പങ്കാളിത്തം സാധ്യമാക്കുകയും പരിപാടിയുടെ ലക്ഷ്യമാണ്.
ഞായറാഴ്ച രാവിലെ ഒന്‍പത് മണിക്ക് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ബി ടു ബി മീറ്റ് ഉദ്ഘാടനം ചെയ്യും. കേരളത്തിനകത്തും പുറത്തുമുള്ള അഞ്ഞൂറോളം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ബി ടു ബി യുടെ ഭാഗമാകും. മലബാറിന്റെ പാരമ്പര്യം, ഐതിഹ്യം, സാഹസിക വിനോദങ്ങള്‍, ഭക്ഷണം, കലകള്‍, പ്രാദേശികമായ തനത് മനോഹാരിതകള്‍ തുടങ്ങിയവ ഇവര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കും.
മലബാറിനെ മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനായാണ് ബിടുബി മീറ്റ് സംഘടിപ്പിച്ചിരിക്കുന്നതെന്നും പ്രാദേശിക സേവന ദാതാക്കള്‍, പ്രമുഖ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ടൂറിസം മേഖലയിലെ വിദഗ്ധര്‍ എന്നിവര്‍ തമ്മിലുള്ള ബന്ധവും സഹകരണവും മെച്ചപ്പെടുത്തുന്നതിന് ഇത് വഴിയൊരുക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസത്തില്‍ മികച്ച സാധ്യതകളാണ് മലബാറിനുള്ളത്. സംസ്ഥാനത്തെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിലേക്ക് മലബാറിനെയും ചേര്‍ക്കേണ്ടതുണ്ട്. പങ്കാളിത്തങ്ങള്‍ സൃഷ്ടിക്കുന്നതിനും ദേശീയ-അന്തര്‍ദേശീയ ടൂറിസം ഭൂപടത്തില്‍ മലബാറിന്റെ സ്ഥാനം അടയാളപ്പെടുത്തുന്നതിനും ബിടുബി മീറ്റ് ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button