പൊന്നാനി : താനൂർ ബോട്ടപകട പശ്ചാത്തലത്തിൽ ഉല്ലാസ ബോട്ടുകളുടെ സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉയരുന്നതിനിടെ പൊന്നാനി നഗരസഭയിൽ ജങ്കാറിനെ പകരം സർവീസ് നടത്തുന്ന യാത്രാബോട്ട് സജ്ജീകരിച്ചിരിക്കുന്നത് പൂർണ്ണമായ മാനദണ്ഡങ്ങൾ പാലിച്ച്. 50 യാത്രക്കാർക്ക് സൗകര്യമുള്ള ബോട്ടിൽ 60ലേറെ ലൈഫ് ജാക്കറ്റാണുള്ളത്. എല്ലാ യാത്രികരും നിർബന്ധമായും ലൈഫ് ജാക്കറ്റ് ധരിക്കാൻ ജീവനക്കാർ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. പരിധിയിലും കുറഞ്ഞ യാത്രക്കാരെ മാത്രമാണ് പ്രവേശിപ്പിക്കുന്നത്. പൊന്നാനി പടിഞ്ഞാറേക്കര അഴിമുഖം വഴിയുള്ള സർവീസ് ആയതിനാൽ പ്രത്യേക സുരക്ഷയിലാണ് യാത്ര. രണ്ടുമാസം മുമ്പ് ബോട്ടിൽ വള്ളം ഇടിച്ചിട്ടും ജീവനക്കാരുടെ ഇടപെടൽ മൂലം സുരക്ഷിതമായാണ് യാത്രക്കാർ കരയിൽ എത്തിയത്.