Local newsMALAPPURAM

മലപ്പുറത്ത് യുവാവിനെ വെടിവെച്ച് കൊന്ന കേസിലെ പ്രതിക്ക് തോക്ക് നല്‍കിയത് യുപി സ്വദേശി, അറസ്റ്റ്

ഗാസിയാബാദ്: മലപ്പുറം എടവണ്ണയില്‍ യുവാവിനെ വെടിവെച്ച് കൊന്ന കേസില്‍ മുഖ്യപ്രതിക്ക് തോക്ക് നല്‍കിയ ഉത്തര്‍പ്രദേശ് സ്വദേശി പൊലീസ് പിടിയില്‍. മുഖ്യ പ്രതി മുഹമ്മദ് ഷാന് തോക്ക് നല്‍കിയ ഖുര്‍ഷിദ് ആലമാണ് യുപിയിലെ ഹാപ്പൂരില്‍ വെച്ച് പിടിയിലായത്. രണ്ട് വര്‍ഷം മുമ്പ് സൗദിയിൽ വെച്ച് ഒരു കേസില്‍ അകപ്പെട്ട് ജയിലില്‍ കിടക്കുമ്പോഴാണ് ഇരുവരും പരിചയപ്പെട്ടത്. ഒരു ലക്ഷത്തി പതിനായിരം രൂപക്കാണ് ഖുർഷിദിൽ നിന്നും മുഹമ്മദ്‌ ഷാൻ പിസ്റ്റൽ വാങ്ങിയതെന്ന് പൊലീസ് പറയുന്നു. റിദാൻ ബാസിത്ത് കൊലക്കേസിൽ തെളിവുകൾ തേടി അന്വേഷണ സംഘം ഉത്തർപ്രദേശിലെ ഗാസിയാബാദിലെത്തിയിരുന്നു. വെടിവെച്ചു കൊല്ലാൻ ഉപയോഗിച്ച തോക്ക് ഇവിടെ നിന്നാണ് വാങ്ങിയതെന്ന് മുഖ്യപ്രതി മൊഴി നൽകിയിരുന്നു. ഡൽഹിയിൽ നിന്നും മടങ്ങുന്നതിനിടെ ഗാസിയാബാദിൽ നിന്നാണ് തോക്ക് വാങ്ങിയതെന്നായിരുന്നു മുഖ്യ പ്രതി മുഹമ്മദ്‌ ഷാനിന്റെ മൊഴി. ഒരു ലക്ഷത്തോളം രൂപക്കാണ് തോക്ക് വാങ്ങിയത്. മറ്റാരെങ്കിലും തോക്ക് വാങ്ങാന്‍ സഹായിച്ചിട്ടുണ്ടോ എന്നാണ് പൊലീസ് അന്വേഷണം. തോക്ക് വാങ്ങാൻ കൂടെപ്പോയ ആളും സഹായിച്ച മറ്റു രണ്ടു പേരും റിമാൻഡിൽ ആണ്. കൂടുതൽ ചോദ്യം ചെയ്യലിലും തെളിവെടുപ്പിനും ആയി മെയ് നാലു വരെ ആണ് മുഖ്യ പ്രതി മുഹമ്മദ്‌ ഷാനിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. അതേസമയം കൊല്ലപ്പെട്ട യുവാവിന്റെ ഫോണുകൾ കണ്ടെത്താൻ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. കൃത്യത്തിന് ശേഷം രണ്ടു ഫോണുകൾ പുഴയിൽ എറിഞ്ഞു എന്നായിരുന്നു പ്രതിയുടെ മൊഴി. രണ്ടു ദിവസം ചാലിയറിൽ തിരച്ചിൽ നടത്തിയിട്ടും ഫോൺ കണ്ടെത്താൻ ആയില്ല. ചാലിയാറിലെ തിരച്ചിലില്‍ കിട്ടിയത് റിദാന്‍റെ ഫോണ്‍ ആയിരുന്നില്ല. കൊലപാതകം സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ ഫോണിൽ ഉണ്ടെന്നാണ് നിഗമനം. കഴിഞ്ഞ മാസം 22 നാണ് റിദാൻ ബാസിത്തിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിനെ കാണാതായ ശേഷം ബന്ധുക്കള്‍ തിരച്ചില്‍ നടത്തിയിരുന്നു. എടവണ്ണ ചെമ്പകുത്ത് മലയിലാണ് റിദാന്‍ ബാസിലിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. വസ്ത്രത്തില്‍ രക്തമൊലിപ്പിച്ച് മലര്‍ന്നു കിടക്കുന്നു രീതിയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button