CHANGARAMKULAM

“ഇന്ന് ലോക റേഡിയോദിനം”സൈദ് മുഹമ്മദിന് ഇന്നും റേഡിയോ കൂട്ട്

44 വര്‍ഷമായി റേഡിയോ ചേർത്ത് പിടിച്ച് സൈദ് മുഹമ്മദ്‌ പുതിയ കാലത്തിന് കൗതുകമാവുന്നു . റേഡിയോ കൗതുക വസ്തുവും റേഡിയോ പരിപാടികൾ കാതോർക്കാൻ ജനലക്ഷങ്ങൾ ഹൃദയമിടിപ്പോടെ കാത്തിരുന്ന കാലഘട്ടത്തിലാണ് സൈത് മുഹമ്മദിന്റെ വാക്കുകൾ റേഡിയോയിലൂടെ ജനം കേട്ട് തുടങ്ങിയത്. ആകാശവാണിയുടെ തൃശൂർ, മഞ്ചേരി, കൊച്ചി നിലയങ്ങളുടെ ശ്രോതാവായാണ് തുടക്കം.

74 മത്തെ വയസിലും റേഡിയോ കേൾവി കൈവിടാതെ ആകാശവാണിക്ക് കത്തെഴുതി പുതിയ കാലത്തിന് വിസ്മയമായിരിക്കുകയാണ് സെയ്ദ് മുഹമ്മദ്. ചങ്ങരംകുളം പള്ളിക്കര തെക്ക് മുറി സ്വദേശിയായ സൈദ് മുഹമ്മദിന് റേഡിയോ കയ്യിലെത്തുമ്പോള്‍ ഇപ്പോഴും യവ്വനത്തിന്റെ ഓര്‍മകളാണ്. 44 വര്‍ഷം മുമ്പാണ് റേഡിയോയുടെ സ്ഥിരം കേള്‍വിക്കാരനായിരുന്ന സെയ്ദ് മുഹമ്മദ് ആകാശവാണിക്ക് കത്തയച്ച് തുടങ്ങിയത്.

കൗതുകത്തിന് തുടങ്ങിയ എഴുത്ത് ആകാശവാണിയില്‍ വായിക്കാന്‍ തുടങ്ങിയതോടെ സ്ഥിരമായി എഴുത്ത് തുടങ്ങി. അങ്ങനെ സൈദ് മുഹമ്മദും ആകാശവാണിയും തമ്മിലുള്ള ബന്ധവും വളര്‍ന്നു. ഇതോടെ റേഡിയോയും ഇഷ്ടതോഴനായി. ഇന്ന് റേഡിയോ നിലയങ്ങൾ എഫ്.എം ഡിജിറ്റലിലേക്ക് മാറി. അവതാരകർ പരിഷ്ക്കാരികളായ ങ്കിലും സൈദ് മുഹമ്മദിന് ഒരു മാറ്റവും വന്നിട്ടില്ല.

ആകാശവാണി തൃശ്ശൂര്‍ നിലയത്തില്‍ നിന്ന് സംപ്രേഷണം ചെയ്യുന്ന എല്ലാ പരിപാടികളും പതിറ്റാണ്ടുകളായി കേട്ടു കൊണ്ടിരിക്കുന്ന സൈദ് മുഹമ്മദ് കാലത്ത് 5.55ന് തുടങ്ങുന്ന സുഭാഷിതം തുടങ്ങി വാര്‍ത്തകളും ഗാനസന്ദേശം, സ്നേഹഗാനങ്ങള്‍, ഇഷ്ടഗാനങ്ങള്‍ നാടകങ്ങള്‍ വരെ കേട്ട് അപിപ്രായങ്ങള്‍ എഴുതി അറിയിക്കുന്ന പതിവ് പതിറ്റാണ്ടുകള്‍ കടന്ന് പോയിട്ടും തുടരുകയാണ്. വിമർശനങ്ങളിലേയും വിശകലനങ്ങളിലേയും മൂർച്ചയാണ് ഈ സാധാരണക്കാരനായ നാട്ടുമ്പുറത്തുകാരന്റെ കത്തുകളെ വ്യത്യസ്തമാക്കുന്നത്. ഇതിനോടകം വിവിധ ആകാശവാണി നിലയങ്ങളിലേക്കായി 50000 ത്തില്‍ അതികം കത്തുകള്‍ അയച്ച സെയ്ത് മുഹമ്മദ് ഇപ്പോഴും തന്റെ കത്തുകള്‍ വായിക്കുന്നത് കേള്‍ക്കാന്‍ കൂടിയാണ് റേഡിയോ കൈവിടാതെ സൂക്ഷിക്കുന്നത്. കത്തുകൾ അയക്കാനും റേഡിയോ കേൾക്കാനും ഭാര്യ ജമീലയും കൂട്ടിനുണ്ട്.

കാലങ്ങള്‍ കടന്ന് പോയി പുതു തലമുറക്ക് റേഡിയോ പഴങ്കഥയായി’ ഇന്റര്‍ നെറ്റും സോഷ്യല്‍ മീഡിയയും ലോകം തന്നെ കീഴടക്കി. എന്നാല്‍ ഇപ്പോഴും
തന്റെ പഴയ റേഡിയോയും തുറന്ന് പഴമയുടെ ഓര്‍മകള്‍ ഓടിയെത്തുന്ന റേഡിയോ പരിപാടികള്‍ക്ക് കാതോര്‍ക്കുകയാണ് ഈ 74കാരന്‍. തന്റെ പേരിലുള്ള കത്തുകള്‍ വായിക്കുമ്പോഴും താന്‍ ആവശ്യപ്പെടുന്ന ഗാനങ്ങള്‍ സംപ്രേഷണം ചെയ്യുമ്പോഴും തന്റെ പ്രായം 74 കടന്നെന്ന് ഓര്‍ക്കാറില്ല.

എല്ലാ ദിവസവും പോസ്റ്റോഫീസിലെത്തി പോസ്റ്റല്‍ കാര്‍ഡുകള്‍ വാങ്ങി മടങ്ങുന്ന സെയ്ത് മുഹമ്മദിന് ഇനിയും ഒരു പാട് എഴുതാനും കേൾക്കാനും ഉണ്ട്. ചങ്ങരംകുളം ദാറുസ്സലാം യതീംഖായിലെ റസീവറാണ് സൈദ് മുഹമ്മദ്.

         

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button