മലപ്പുറത്തെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങൾക്കും പൂട്ട്; ആറിടങ്ങളിലെ ഓഫീസുകൾ അടച്ച് പൂട്ടും


മലപ്പുറം: ജില്ലയിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങൾ അടച്ചു പൂട്ടാൻ പോലീസ്. ആറ് കേന്ദ്രങ്ങളാകും അടച്ച് പൂട്ടുക. വിവിധ ട്രസ്റ്റുകളുടെ പേരിലാണ് ഈ ആറ് കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത്.
വഴിക്കടവ് , തേഞ്ഞിപ്പലം, മഞ്ചേരി, പെരിന്തൽമണ്ണ, കാടാമ്പുഴ , വാഴക്കാട് എന്നിവിടങ്ങളിലെ ഓഫീസുകളാണ് അടച്ച് പൂട്ടുക. വഴിക്കടവ് മുരിങ്ങമുണ്ട സീഗ ഗൈഡൻസ് സെൻറർ , തേഞ്ഞിപ്പലം കീൻ ചാരിറ്റബിൾ ട്രസ്റ്റ്, മഞ്ചേരി കുത്തുകല്ലിലെ റീഹാബ് ഫൗണ്ടേഷൻ, രണ്ടത്താണി പൂവഞ്ചിന ഹരിതം ഫൗണ്ടേഷൻ, പെരിന്തൽമണ്ണയിലെ ഹ്യൂമൺ വെൽഫെയർ ട്രസ്റ്റ്, വാഴക്കാട് നെസ്റ്റ് പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് എന്നിങ്ങനെയാണ് കേന്ദ്രങ്ങളുടെ പേരുകൾ. വരും ദിവസങ്ങളിൽ ഈ കേന്ദ്രങ്ങൾക്ക് നേരെ നടപടി സ്വീകരിക്കും.
ഇന്ന് കോഴിക്കോട് പ്രവർത്തിക്കുന്ന പോപ്പുലർ ഫ്രണ്ടിന്റെ ആസ്ഥാനമുൾപ്പെടെ പോലീസ് അടച്ചു പൂട്ടിയിരുന്നു. കോഴിക്കോട്, കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളിലെ ഓഫീസുകളാണ് അടച്ച് പൂട്ടിയത്. പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളും ബന്ധപ്പെട്ട സ്ഥാപനങ്ങളും അടച്ച്പൂട്ടി സീൽ ചെയ്യാൻ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു
