മലപ്പുറത്തെ ജനങ്ങള്‍ സ്നേഹമുള്ളവര്‍: ജില്ലാ കളക്‌ടര്‍
മലപ്പുറം ജില്ല വിഭജിച്ചാല്‍ ഭരണപരമായ കാര്യങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് ജില്ലാ കളക്ടർ വി.ആർ. വിനോദ്. ജില്ലാ കളക്ടർ ചുമതലയില്‍നിന്ന് പടിയിറങ്ങി ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറായി പോകുന്ന കളക്ടർ മലപ്പുറം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. മലപ്പുറം വിസ്തൃതിയുള്ള ജില്ലയാണ്.
ജില്ലയുടെ ഒരു ഭാഗത്തുനിന്നു മറ്റേ ഭാഗത്തേക്ക് സഞ്ചരിക്കണമെങ്കില്‍ നാലര മണിക്കൂറോളം ആവശ്യമാണ്. കുറച്ചുകൂടി ഏരിയ കുറവായിരുന്നെങ്കില്‍ ഫലപ്രദമായി കൈകാര്യം ചെയ്യാൻ കഴിയുമെന്ന് തോന്നിയിട്ടുണ്ട്. ഈ വിഷയം ഏതെങ്കിലും ഒരു കാലത്ത് പരിഗണിക്കപ്പെടുമായിരിക്കുമെന്നും കളക്ടർ പറഞ്ഞു.
മലപ്പുറം ലോകത്തിന് മാതൃകയാകുന്ന മോഡലാണെന്നും ഇവിടുത്തെ ജനങ്ങള്‍ സ്നേഹമുള്ളവരും മറ്റൊരാളുടെ ബുദ്ധിമുട്ടറിഞ്ഞ് സഹായിക്കുന്നവരുമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉദ്യോഗസ്ഥർ, ജനപ്രതിനിധികള്‍, മാധ്യമ പ്രവർത്തകർ, പൊതുജനം തുടങ്ങി എല്ലാവരുടെയും പിന്തുണ ലഭിക്കാൻ തനിക്ക് സാധിച്ചു. ഞാനെന്റെ കഴിവിന്റെ പരമാവധി നല്ല പ്രവർത്തനങ്ങള്‍ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. എല്ലാ ഉദ്യോഗസ്ഥരെയും ജനങ്ങളെയും ഒരുമിച്ചുകൊണ്ടുപോകാനും ശ്രമിച്ചിട്ടുണ്ട്.
വിഷമിക്കുന്നവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയാണ് കളക്ടർ എന്ന തസ്തികയിലെ ഏറ്റവും വലിയ വിജയമെന്ന് മനസിലാക്കി. അതുകൊണ്ടാണ് ഭിന്നശേഷിക്കാർക്ക് വേണ്ടി ഞാൻ പ്രവർത്തിച്ചത്. അതുപോലെ എന്റെ ചിന്തയെ ജനങ്ങള്‍ ഏറ്റെടുത്ത ഒരു പദ്ധതിയായിരുന്നു”നെല്ലിക്ക’ എന്ന പേരിലുള്ള ഭക്ഷണ പദ്ധതി.
മലപ്പുറത്തുകാർ നല്ല ഭക്ഷണ പ്രിയരാണ്. അതോടൊപ്പം ഫുട്ബോള്‍ പ്രിയരുമാണ്. മറ്റുള്ളവരെയും അവരുടെ വിശ്വാസത്തെയും അംഗീകരിക്കുന്നവർ. മലപ്പുറത്ത് നടന്ന കുംഭമേള അതിനൊരു മികച്ച ഉദാഹരണമാണെന്നും കളക്ടർ പറഞ്ഞു. ചുമതലയേറ്റ സമയത്ത് ജില്ലയിലെ മാലിന്യ സംസ്കരണം വെല്ലുവിളിയായി തോന്നി. ഒരിടത്തും എംസിഎഫ് സ്ഥാപിക്കാൻ ജനങ്ങള്‍ സമ്മതിച്ചില്ലായിരുന്നു. എന്നാല്‍ രണ്ട് വർഷം കഴിഞ്ഞപ്പോള്‍ എതിർപ്പ് കുറഞ്ഞു.
ഇപ്പോള്‍ വലിയരീതിയില്‍ പരിഹാരം കാണാനായി. വ്യക്തിപരമായി ഏറ്റവും സംതൃപ്തി നല്‍കിയത് ഭിന്നശേഷിക്കാർക്കായി പ്രവർത്തിച്ചതാണ്. അതില്‍ 25 പേർക്ക് സർക്കാർ ജോലി ലഭിക്കും എന്നത് സന്തോഷമുള്ള കാര്യമാണ്.
സ്കൂളുകള്‍ എൻജോയ് ചെയ്യുന്ന രീതിയിലേക്ക് മാറണം. കൂടുതല്‍ ചിന്തിക്കുന്ന കഴിവ് കുട്ടികളില്‍ വളർത്താൻ അധ്യാപകരും മാതാപിതാക്കളും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രസില്‍ ക്ലബില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് എസ്. മഹേഷ്കുമാർ അധ്യക്ഷതവഹിച്ചു. സെക്രട്ടറി വി.പി. നിസാർ സ്വാഗതവും കെ.ബി. സതീഷ്കൂമാർ നന്ദിയും പറഞ്ഞു.