മലപ്പുറത്തിന്റെ തലയെടുപ്പായി; വലിയങ്ങാടി ശുഹദാ മസ്ജിദ്.

മലപ്പുറം:ഇന്നുംമലപ്പുറത്തിന്റെതലയെടുപ്പാണ് മൂന്നുനൂറ്റാണ്ട് പഴക്കമുള്ള വലിയങ്ങാടി ശുഹദാമസ്ജിദ്.പുതുമക്കൊപ്പംപഴയകാലത്തിന്റെ ഓർമ്മ പുതുക്കൽകൂടിയാണ് വലിയങ്ങാടിക്കാർക്ക് ഓരോ റംസാൻ മാസവും.
ഈ പള്ളിയിൽ റംസാൻ മാസം മുഴുവൻ നടക്കുന്ന മതപ്രഭാഷണപരമ്പരയ്ക്ക് ഒരു നൂറ്റാണ്ടിലേറെ ചരിത്രമുണ്ട്. ദീർഘകാലം മലപ്പുറം ഖാസിയും മലബാറിലെ മുസ്‌ലിങ്ങൾക്കിടയിൽ ഏറെ സ്വാധീനവുമുള്ള ആത്മീയ നേതാവുമായിരുന്ന ഖാൻ ബഹാദൂർ സയ്യിദ് ഒ.പി.എം. മുത്തുക്കോയ തങ്ങളുടെ കാലത്താണ് ഇതിന് തുടക്കംകുറിച്ചത്. അക്കാലത്ത് റംസാൻ മുഴുവൻ ഒരു പണ്ഡിതൻ തന്നെയാണ് പ്രഭാഷണം നടത്തിയിരുന്നത്. ഒരു നൂറ്റാണ്ടിനിടയിൽ കോവിഡ് കാലത്ത് മാത്രം മതപ്രഭാഷണം നടന്നില്ല. പണ്ടുകാലത്ത് വ്യാഴാഴ്ചകളിലാണ് മലപ്പുറംചന്ത നടക്കുക. ആഴ്ചയിൽ അന്നുമാത്രം പ്രഭാഷണത്തിന് അവധിയായിരുന്നു. ഉച്ചയ്ക്ക് രണ്ടുമുതൽ വൈകീട്ട് നാലുവരെയാണ് പ്രഭാഷണം. പള്ളി നിറയെ കേൾവിക്കാരുണ്ടാകും.
ജില്ലയിലെ ഏറ്റവുംവലിയ കബർസ്താൻ ഈ പള്ളിയിലാണ്. മരണമടഞ്ഞ പൂർവികരെ സിയാറത്ത് ചെയ്യാൻകൂടിയാണ് വിശ്വാസികൾ റംസാൻ കാലത്ത് ഈ പള്ളിയിൽ എത്തുന്നത്.
കാലം കടന്നുപോയപ്പോൾ മതപ്രഭാഷണത്തിന് 30 ദിവസവും ഒരേ പണ്ഡിതനെ കിട്ടുക പ്രയാസമായി. അതോടെ 15 ദിവസം വീതം ഒരാൾ പ്രഭാഷണം നടത്തുന്ന രീതിയായി. ഇപ്പോൾ 10 ദിവസം വീതം ഓരോ പണ്ഡിതൻമാരാണ് പ്രഭാഷണം നടത്തുന്നത്.
റംസാൻ മാസത്തിലെ പ്രഭാഷണം കേൾക്കാനായി കൂട്ടത്തോടെ വരുന്ന പതിവ് വലിയങ്ങാടിക്കാർ ഇന്നും തുടരുന്നു. ചുറ്റുപാടും ധാരാളം പള്ളികൾ വന്നെങ്കിലും റംസാനിൽ എല്ലാവരും വലിയ പള്ളിയിലെത്തും. വൈദ്യുതി വ്യാപകമാകുന്നതിനു മുൻപ് അത്താഴസമയത്ത് ജനങ്ങളെ ഉണർത്താനായി നകാര മുഴക്കുന്ന പതിവുണ്ടായിരുന്നു.
റംസാനിലെ രാത്രി നമസ്കാരമായ തറാവീഹിന് കുറെക്കാലമായി നേതൃത്വംനൽകുന്നത് ഖുർആൻ മനഃപ്പാഠമുള്ള ഹാഫിസുമാരാണ്. പുതുമക്കൊപ്പം പഴമയും നിലനിർത്തിയിട്ടുണ്ട് ഈ പള്ളിയിൽ. കൂടുതൽ ആളുകളെ ഉൾക്കൊള്ളാനായി ശീതീകരിച്ച പുതിയ കെട്ടിടം വന്നെങ്കിലും മൂന്നു നൂറ്റാണ്ട് പഴക്കമുള്ള പഴയപള്ളി തനിമയോടെ നിലനിർത്തി. മലപ്പുറം ഖാസി ഒ.പി.എം. സയ്യിദ് മുത്തുക്കോയ തങ്ങൾ പ്രസിഡന്റും പറയക്കുന്നൻ മുസ്തഫ ജനറൽ സെക്രട്ടറിയുമായുള്ള 20 അംഗ കമ്മിറ്റിയാണ് പള്ളിയുടെ ഭരണകാര്യങ്ങൾ നിർവഹിക്കുന്നത്.
