MALAPPURAM

മലപ്പുറം ജില്ലാ പൈതൃക മ്യൂസിയം നിർമാണം നിലച്ചു.

തിരൂരങ്ങാടി ∙ ജില്ലാ പൈതൃക മ്യൂസിയം നിർമാണം നിലച്ചു. ഹജൂർ കച്ചേരി കെട്ടിടത്തിന്റെ അന്തിമ രൂപരേഖ കിട്ടാത്തതിനാണ് പ്രവൃത്തി നിർത്തി വച്ചതെന്ന് കരാറുകാരൻ പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റിലാണ് നവീകരണ പ്രവൃത്തികൾ ആരംഭിച്ചത്. കെട്ടിടത്തിലെ പുതിയ നിർമിതികൾ ഒഴിവാക്കി പഴയ രൂപത്തിലാക്കുന്ന പ്രവൃത്തിയാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്. ഇതിന്റെ ഭാഗമായി കൂട്ടിച്ചേർത്തവയെല്ലാം പൊളിച്ചു നീക്കി. പഴമ നിലനിർത്താൻ നിലത്ത് വിരിച്ചിരുന്ന ടൈലുകളും മാറ്റി സ്ഥാപിച്ചിരുന്നു.

കെട്ടിടത്തിന്റെ മേൽക്കൂരയുടെ തകരാറും പെയ്ന്റിങ് പണിയും നടത്തി. സന്ദർശകർക്ക് ഉപയോഗിക്കാൻ പുറത്ത് പുതിയ ശുചിമുറികളും നിർമിച്ചു. ഇനി മുറ്റത്ത് കട്ട വിരിക്കുന്ന പ്രവൃത്തിയാണ് ബാക്കിയുള്ളത്. കൂടാതെ, ഹജൂർ കച്ചേരി കെട്ടിടത്തിന്റെ പുറം ഭാഗത്ത് പഴയ രൂപത്തിലാക്കുന്ന പ്രവൃത്തിയും ബാക്കിയുണ്ട്. എന്നാൽ ഇതിന്റെ രൂപരേഖ പുരാവസ്തു വകുപ്പിൽ നിന്ന് കിട്ടിയിട്ടില്ലെന്ന് കരാറുകാരാൻ പറഞ്ഞു. ഇതു കൂടി കിട്ടിയാലെ അവസാന പ്രവൃത്തികൾ നടത്താൻ പറ്റൂ.

ഇതു കിട്ടാത്തത് കാരണം മറ്റു പ്രവൃത്തികളെല്ലാം മുടങ്ങിയിരിക്കുകയാണ്. 58 ലക്ഷം രൂപയുടെ നവീകരണ പ്രവൃത്തിയാണ് നടക്കുന്നത്. രണ്ടാംഘട്ടത്തിൽ 3 കോടി രൂപയുടെ പ്രവൃത്തിയും നടത്താനുണ്ട്. നിലവിലെ പ്രവൃത്തി പൂർത്തിയാകുന്നതോടെ രണ്ടാം ഘട്ട പ്രവൃത്തിയും ആരംഭിക്കും എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഒന്നാം ഘട്ട പ്രവൃത്തി തന്നെ തുടങ്ങാ‍ൻ വൈകി. ഇപ്പോൾ അവസാനഘട്ട പ്രവൃത്തിയും നീളുകയാണ്. രണ്ടാം ഘട്ടത്തിലാണ് പൈതൃക മ്യൂസിയമാക്കി മാറ്റുന്ന പദ്ധതികളുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button