മലപ്പുറം ജില്ലയിൽ ഉഷ്ണതരംഗം: ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം

മലപ്പുറം : ജില്ലയില്‍ ഉഷ്‌ണ തരംഗ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു. ഗുരുതര രോഗാവസ്‌ഥയിലുള്ളവര്‍, വൃദ്ധര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ഇതിന്റെ ആഘാതം വലുതാകുമെന്ന് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.
വെയിലേല്‍ക്കുന്ന ശരീരഭാഗങ്ങളില്‍ പൊള്ളിയതു പോലുള്ള പാടുകള്‍, കുമിളകള്‍ എന്നിവ കാണപ്പെടുന്നത് സൂര്യാഘാതത്തിന്റെ സൂചനയായി കണക്കാക്കണം. അതി കഠിനമായ ചൂടില്‍ ശരീരത്തിന്റെ താപനിയന്ത്രണ സംവിധാനം അവതാളത്തിലാകുന്ന അവസ്‌ഥയിലാണ് ഗുരുതരമായ ഹീറ്റ് സ്‌ട്രോക് മനുഷ്യരില്‍ സംഭവിക്കുന്നത്. ഉയര്‍ന്ന ശരീര താപനില, ചൂടുള്ള ചുവന്ന ചര്‍മ്മം, വിയര്‍പ്പ് ഇല്ലായ്‌മ, ഛര്‍ദി, ബോധക്ഷയം എന്നിങ്ങനെ മരണം വരെ ഇതിന്റെ ഫലമായി സംഭവിച്ചേക്കാമെന്നും ചൂട് കാരണം ഒരാള്‍ക്ക് അസ്വസ്‌ഥത അനുഭവപ്പെടുകയാണെങ്കില്‍ ആളിനെ എത്രയും പെട്ടെന്ന് തണലും തണുപ്പുമുള്ള ഒരിടത്തേക്ക് മാറ്റുകയും ഇറുകിയ വസ്‌ത്രങ്ങള്‍ അയച്ചു കൊടുക്കുകയും തണുത്ത വെള്ളം ശരീരത്തില്‍ ഒഴിക്കുകയും ചെയേ്േണ്ടതാണ്. ഹീറ്റ് സ്‌ട്രോക് ഒഴികെയുള്ള അവസരങ്ങളില്‍ തണുത്ത വെള്ളം അല്‌പാല്‌പമായി കുടിപ്പിക്കേണ്ടതാണ്. ഗുരുതരമായ അവസ്‌ഥ പ്രകടമാകുന്നു എങ്കില്‍ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുകയും വേണം.
അനിവാര്യമായ പരിപാടികളും തൊഴിലും രാവിലെ 11ന് മുന്‍പും ഉച്ചയ്‌ക്ക് മൂന്നിന് ശേഷവുമായി ക്രമീകരിക്കണമെന്നും ഭാരവാഹികളായ ഡോ. പി.എം. ജലാല്‍, ഡോ. കെ.എം. ജാനിഫ് എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
