മലപ്പുറം ജില്ലയിലെ ആദ്യത്തെ സിഎൻജി സ്വകാര്യബസ് കുറ്റിപ്പുറം–തിരൂർ റൂട്ടിൽ സർവീസ് ആരംഭിച്ചു
കുറ്റിപ്പുറം ∙ കാറുകൾ അടക്കമുള്ള വാഹനങ്ങൾക്കു പിന്നാലെ സ്വകാര്യബസുകളും സിഎൻജിയിലേക്കു മാറുന്നു.
ഡീസലിനു പകരം സിഎൻജി (കംപ്രസ്ഡ് നാച്വറൽ ഗ്യാസ്) ഉപയോഗിച്ചു പ്രവർത്തിക്കുന്ന, ജില്ലയിലെ ആദ്യത്തെ സ്വകാര്യബസ്–‘യാത്ര’ കുറ്റിപ്പുറം– തിരൂർ റൂട്ടിൽ സർവീസ് ആരംഭിച്ചു.
മറ്റു ജില്ലകളിൽ സിഎൻജി ഉപയോഗിച്ചുള്ള ബസുകൾ ഉണ്ടെങ്കിലും ജില്ലയിൽ ആദ്യമായാണ് ഇത്തരത്തിൽ ബസ് സർവീസിനായി ഇറക്കുന്നത്.
ഡീസലിനെക്കാൾ കൂടുതൽ ലാഭമാണെന്നതിനാലാണു സിഎൻജി തിരഞ്ഞെടുത്തതെന്നു ബസ് ഉടമ മുഹമ്മദ് ബഷീർ പറഞ്ഞു.
സിഎൻജി ബസ് റോഡിൽ ഇറക്കാൻ 35 ലക്ഷം രൂപയാണു ചെലവിട്ടത്. ഡീസൽ ഉപയോഗിച്ച് ഓടുന്ന ബസുകൾക്കു പരമാവധി 3 മുതൽ 4 കിലോമീറ്റർ വരെയാണു മൈലേജ് ലഭിക്കുന്നതെന്നു പറയുന്നു. അതേസമയം സിഎൻജി ബസുകൾക്ക് 6 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുമെന്നും ഇദ്ദേഹം പറഞ്ഞു
80 ലീറ്ററിന്റെ ടാങ്കാണു ബസിലുള്ളത്. പഴയ ഡീസൽ ബസുകൾ സിഎൻജിയിലേക്കു മാറ്റാനുള്ള നീക്കത്തിലാണു പല ബസ് ഉടമകളും. .
സിഎൻജി ബസ് സർവീസിന്റെ ഉദ്ഘാടനം കുറ്റിപ്പുറം സിഐ പി.എം.ഷമീർ നിർവഹിച്ചു.ഉദ്ഘാടന ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന ചെയ്യുമെന്നു ബസ് ഉടമ അറിയിച്ചു.