മലപ്പുറം ജില്ലക്കെതിരായ വിദ്വേഷ പരാമർശം വെള്ളാപള്ളിക്കെതിരെ എസ്ഡിപിഐയും നാഷണൽ ലീഗും പരാതി നൽകി.

മലപ്പുറം: മലപ്പുറം ജില്ലയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയ എസ്എൻഡിപി യോഗം സംസ്ഥാന ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ നടപടി ആവശ്യപ്പെട്ടു എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്റ് അൻവർ പഴഞ്ഞി ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.
വെള്ളാപ്പള്ളി നടേശൻ നിലമ്പൂരിൽ വെച്ച് നടത്തിയ പ്രസംഗം കൃത്യമായ വർഗീയ വിഭജനം ലക്ഷ്യം വെച്ചുള്ളതും മലപ്പുറം ജില്ലയേയും ജില്ലയിലെ ജനങ്ങളെയും അപകീർത്തിപ്പെടുത്തുന്നതാണ്. കൃത്യമായ ഗൂഢാലോചനയുടെ ഭാഗമായി നടത്തിയ പ്രസംഗത്തിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും പരാതിയിൽ പറഞ്ഞു.
ജില്ലയിലെ സമാധാന അന്തരീക്ഷവും പരസ്പര സൗഹർദ്ധവും തകർക്കുന്ന രീതിയിൽ ജില്ലക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ എസ് എൻ ഡി പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ മനഃപൂർവമുള്ള കലാപാ ആഹ്വാനത്തിന് ക്രമിനൽ കേസ് എടുക്കണമെന്ന് നാഷണൽ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി കെ എസ്. മുജീബ് ഹസ്സൻ ഡി ജി പി ക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
ജാതിയുടെയോ രാഷ്ട്രീയത്തിന്റെയോ അതിർ വരമ്പുകൾ ഇല്ലാതെ മലപ്പുറത്ത്കാരുടെ പരസ്പര സ്നേഹവും ഐക്യവും നിരവധി തവണ കേരളം ചർച്ച ചെയ്തതാണ്. വെള്ളാപള്ളിയെ പോലുള്ള മുതിർന്ന നേതാവിൽ നിന്ന് ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്ത പരാമർഷങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും വെള്ളാപള്ളിക്ക് പിന്നിൽ ഏതോ ബാഹ്യ ശക്തികളുടെ ഇടപെടൽ ഉണ്ടെന്ന് സംശയിക്കേണ്ടതുണ്ടെന്നും ഡി ജി പി ക്ക് നൽകിയ പരാതിയിൽ ചൂണ്ടി കാട്ടി.
മലപ്പുറം പ്രത്യേകതരം ആളുകളുടെ രാജ്യമാണെന്നും, പിന്നാക്കക്കാർക്ക് ഒന്നുമില്ലയെന്നുമായിരുന്നു -വെള്ളാപ്പള്ളിയുടെ വിവാദ പരാമർശം
മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും പ്രത്യേകം ചിലയാളുകളുടെ സംസ്ഥാനമാണെന്നും മലപ്പുറത്ത് ഈഴവർക്കായി ഒന്നുമില്ലെന്നും വെറും തൊഴിലുറപ്പ് മാത്രമേയുള്ളൂവെന്നുമൊക്കെയാണ് വെള്ളാപ്പള്ളി ഉറഞ്ഞുതുള്ളിയത്. എസ്എൻഡിപി യോഗം നിലമ്പൂർ യൂണിയൻ സംഘടിപ്പിച്ച കൺവെൻഷനിൽ സംസാരിക്കുമ്പോഴായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദപരാമർശങ്ങൾ.
മലപ്പുറത്ത് സ്വതന്ത്രമായ വായു ശ്വസിച്ചും സ്വതന്ത്രമായി അഭിപ്രായം പറഞ്ഞും നിങ്ങൾക്ക് ജീവിക്കാൻ സാധിക്കും എന്നെനിക്ക് തോന്നുന്നില്ല. മലപ്പുറം പ്രത്യേകതരം രാജ്യമാണ്. പ്രത്യേക ചിലയാളുകളുടെ സംസ്ഥാനമാണ്. അവർക്കിടയിൽ ഭയന്ന് ജീവിക്കുന്നവരാണ് ഈഴവരെന്നും
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്രനാളായിട്ടും അതിന്റെ ഗുണഫലങ്ങളുടെ ഒരംശം പോലും മലപ്പുറത്തെ പിന്നാക്കവിഭാഗങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ മറ്റൊരു ജൽപ്പന്നം. പിന്നാക്കവിഭാഗക്കാർക്ക് ഒരു പള്ളിക്കൂടമോ കോളേജോ ഹയർസെക്കൻഡറി സ്കൂളോ ഇല്ല. തൊഴിലുറപ്പുണ്ടായിരിക്കും. വോട്ടുകുത്തിയന്ത്രങ്ങളാണ് മലപ്പുറത്തെ പിന്നാക്കവിഭാഗമെന്നും വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ തകർന്നടിഞ്ഞത് ഇവിടുത്തെ പിന്നാക്കക്കാരുടെ സ്വപ്നങ്ങളാണെന്നും വെള്ളാപ്പള്ളി ചീറ്റിയ വിഷം .
