MALAPPURAM

മലപ്പുറം ഗവ.കോളജിനെ സ്പെഷ്യൽ ഗ്രേഡ് കോളജാക്കാനുള്ള പ്രവർത്തനങ്ങൾക്ക് മുൻകൈ എടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു.

മലപ്പുറം : മലപ്പുറം ഗവ.കോളജിനെ സ്പെഷ്യൽ ഗ്രേഡ് കോളേജാക്കാനുള്ള പ്രവർത്തനങ്ങൾക്ക് മുൻകൈ എടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു. കോളജിന്റെ സുവർണ ജൂബിലി ആഘോഷ പരിപാടികളും ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.കുട്ടികൾക്ക് സ്കിൽ അപ്ഡേഷൻ നൽകി തൊഴിലുകൾ സൃഷ്ടിക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തൊഴിൽ അന്വേഷകരായല്ല, മറ്റുള്ളവർക്ക് തൊഴിൽദാതാക്കളായി കുട്ടികളെ മാറ്റിയെടുക്കാൻ പരിശ്രമം നടത്തണം.

കുട്ടികളുടെ സംരംഭക ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.

പുതുതായി ആരംഭിച്ച എം.എസ്.സി സ്റ്റാറ്റസ്റ്റിക്സ് കോഴ്സിന്റെ ഉദ്ഘാടനവും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിർവഹിച്ചു. കോളജിൽ നടന്ന പരിപാടിയിൽ കായിക മന്ത്രി വി. അബ്ദുറഹിമാൻ മുഖ്യാതിഥിയായി. പി ഉബൈദുള്ള എം.എൽ.എ അധ്യക്ഷനായി.

‘പോരിശ’ എന്ന പേരിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്കാണ് ഇതോടെ തുടക്കമായത്. 5.22 കോടി ചെലവിൽ കോളജിൽ നിർമിച്ച ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. 1972 ലാണ് ജില്ലയിൽ ആദ്യമായി സർക്കാർ കോളജ് ആരംഭിക്കുന്നത്. കോട്ടപ്പടി താലൂക്ക് ആശുപത്രി കെട്ടിടത്തിലായിരുന്നു ആദ്യം കോളജ് പ്രവർത്തിച്ചിരുന്നത്. തുടക്കത്തിൽ പ്രീഡിഗ്രി ബാച്ചുകളും എക്കണോമിക്സ്, അറബിക്, ബികോം ബിരുദ കോഴ്സുകളുമാണുണ്ടായിരുന്നത്. 1980ൽ സിവിൽ സ്റ്റേഷൻ പ്രവർത്തിച്ചിരുന്ന മുണ്ടുപറമ്പിലെ കെട്ടിടത്തിലേക്ക് കോളജ് പ്രവർത്തനം ആരംഭിച്ചു. ഒമ്പത് ബിരുദ കോഴ്സുകളും ഏഴ് ബിരുദാനന്തര ബിരുദ കോഴ്സുകളുമായി 1,986 ഓളം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. കോളജ് ആദ്യകാല പ്രിസിപ്പൽ പ്രൊഫ.മുഹമ്മദുണ്ണി മാസ്റ്ററെ ആദരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button