KERALA

മരടിലെ ഫ്‌ലാറ്റ് സമുച്ചയങ്ങൾ നിലംപൊത്തിയിട്ട് ഇന്നേക്ക് രണ്ട് വർഷം

കൊച്ചി മരടിലെ ഫ്‌ലാറ്റ് സമുച്ചയം നിലംപൊത്തിയിട്ട് ഇന്നേക്ക് രണ്ട് വർഷം തികയുന്നു. തീരദേശ നിയമങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നാല് ഫ്‌ലാറ്റ് സമുച്ചയങ്ങളും പൊളിച്ചുനീക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്. സുപ്രീംകോടതിയിലെ കേസുകൾ അവസാനിക്കുന്നതോടെ പൊളിച്ച സ്ഥലത്ത് തന്നെ വീണ്ടും ഫ്‌ലാറ്റ് പണിയാനാണ് വീട് നഷ്ടമായവരുടെ നീക്കം.
നാല് പടുകൂറ്റൻ കെട്ടിടങ്ങൾ ഒരു മിനിറ്റിൽ തകർന്ന് പൊടിയും അവശിഷ്ടങ്ങളുമായി മാറുന്ന കാഴ്ച മലയാളികൾക്ക് സുപരിചിതമല്ലാത്ത ഒന്നായിരുന്നു. ഓരോ ഫ്‌ലാറ്റുകൾ തകർന്ന് തരിപ്പണമാകുമ്പോഴും അന്ന് കാഴ്ചക്കാരായി എത്തിയവരെല്ലാം ആർപ്പുവിളികൾ ഉയർത്തി. പക്ഷെ ഏറെ സ്വപ്നം കണ്ട് വാങ്ങിയ വീട് തകർന്ന് വീഴുമ്പോൾ ഉടമകളായ നിരവധി പേർ കണ്ണീർ വാർക്കുകയായിരുന്നു. ജെയിൻ കോറൽകോവ്, ആൽഫ സറീൻ, H2O ഹോളിഫെയ്ത്ത് എന്നീ ഫ്‌ലാറ്റുകളാണ് കോടതി വിധി പ്രകാരം നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചത്. പടുകൂറ്റൻ കെട്ടിടങ്ങൾ പൊളിക്കുന്നത് കേരളത്തിൽ ആദ്യമായതിനാൽ ആശങ്കകൾ ഏറെയായിരുന്നു. തൊട്ടടുത്തുള്ള കെട്ടിടങ്ങൾക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നതായിരുന്നു വലിയ പേടി. എന്നാൽ എഞ്ചിനീയറിങ് മികവ് വിളിച്ചോതും വിധമായിരുന്നു പൊളിക്കൽ പ്രക്രിയ. ആൽഫ സെറിൻ ഫ്‌ലാറ്റിനോട് മുട്ടിയുരുമ്മി നിന്ന വീടിന് പോലും ഒരു പോറൽ പോലും ഏറ്റില്ല എന്നതായിരുന്നു ആ മികവ്. വർഷം രണ്ടായെങ്കിലും ഫ്‌ലാറ്റിനെ ചൊല്ലിയുള്ള തർക്കവും കേസും ഇതുവരെ തീർന്നിട്ടില്ലെന്ന് മാത്രമല്ല നഷ്ടപരിഹാര വിതരണവും പൂർത്തിയായിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button