മന്ത്രിയെ കരിങ്കൊടി കാണിച്ച് മൂന്നാറിലെ ടാക്‌സി തൊഴിലാളികള്‍ക്ക് ‘ പണി കിട്ടി ‘ ; പരിശോധനയില്‍ പിഴയീടാക്കിയത് ഏഴര ലക്ഷത്തിലധികം രൂപ

ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെ കരിങ്കൊടി കാണിച്ച്, മൂന്നാറിലെ ടാക്‌സി തൊഴിലാളികള്‍ വാങ്ങിക്കൂട്ടിയത് എട്ടിന്റെ പണി.മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ പരിശോധനയില്‍ മോട്ടോര്‍ വാഹന വകുപ്പ് പിഴയിനത്തില്‍ ഈടാക്കിയത് ഏഴര ലക്ഷത്തിലധികം രൂപ. വരുംദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്.
മൂന്നാറിലെ റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ്, വയറ്റത്തടിക്കുന്ന പദ്ധതി എന്നു പറഞ്ഞാണ് മന്ത്രി കെ ബി ഗണേഷ് കുമാറിനെ ടാക്‌സി തൊഴിലാളികള്‍ കരിങ്കൊടി കാണിച്ചത്. എന്നാല്‍ പദ്ധതി ഉദ്ഘാടനത്തിന് എത്തിയ മന്ത്രിക്ക് ആ പ്രതിഷേധം അത്ര പിടിച്ചില്ല. മൂന്നാറിലെ ടാക്‌സി വാഹനങ്ങള്‍ എല്ലാം പരിശോധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉദ്ഘാടന വേദിയില്‍ മന്ത്രിയുടെ നിര്‍ദേശം. പിന്നാലെ ഇടുക്കി ആര്‍ടിഒയും, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ചേര്‍ന്ന് പരിശോധന നടത്തി. ടാക്‌സ്, ഇന്‍ഷുറന്‍സ്,ഫിറ്റ്‌നസ് എന്നിവയില്ലാത്ത വാഹനങ്ങള്‍ക്കതിരേ കേസെടുത്ത് പിഴ ചുമത്തി.
മീറ്റര്‍ ഇല്ലാതെയും രൂപമാറ്റം വരുത്തിയും ഓടിയ ഓട്ടോകള്‍ക്കും പരിധിയില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റിയ വാഹനങ്ങള്‍ക്കും പിഴയുണ്ട്. മൂന്ന് ദിവസത്തെ പരിശോധനയില്‍ 305 കേസ് രജിസ്റ്റര്‍ ചെയ്തു. 7,65,000 രൂപ പിഴ ഈടാക്കി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും, റിപ്പോര്‍ട്ട് മന്ത്രിക്ക് സമര്‍പ്പിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.
