കൊണ്ടോട്ടി : കർണാടകയിലെ ഷിരൂരിൽ ലോറിഡ്രൈവർ അർജുൻ മണ്ണിനടിയിൽപ്പെട്ട സംഭവത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വംനൽകിയ ലോറി ഉടമ മനാഫ്, ഈശ്വർ മൽപേ, രഞ്ജിത്ത് ഇസ്രായേൽ തുടങ്ങിയവർക്ക് കൊണ്ടോട്ടിയിൽ വ്യാഴാഴ്ച രാത്രി ഏഴിന് സ്വീകരണംനൽകും.
കൊണ്ടോട്ടി പ്രതികരണവേദി എന്ന കൂട്ടായ്മയാണ് സ്വീകരണം ഒരുക്കിയിരിക്കുന്നത്. ഉറവ വറ്റാത്ത മനുഷ്യസ്നേഹവും പ്രതീക്ഷയറ്റുപോകാത്ത നിശ്ചയദാർഢ്യവും യുവതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിന്റെ പ്രതീകമായാണ് സ്വീകരണം നടത്തുന്നതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. നഗരസഭാധ്യക്ഷ നിത ഷഹീർ, പ്രതിപക്ഷനേതാവ് ശിഹാബ് കോട്ട, ഫുട്ബോളർ അനസ് എടത്തൊടിക തുടങ്ങിയവർ പങ്കെടുക്കും. മുഹമ്മദ് ഷാ, നൗഷാദ് കളത്തിങ്ങൽ, പുലാശ്ശേരി നാസർ, ഫിറോസ് കൊമ്മേരി, ഷൗക്കത്ത് കുന്നുമ്മൽ, വി.എം. ബഷീർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.