CHANGARAMKULAM

‘മനസ്സുതുറക്കാം മാറ്റങ്ങൾ തുടങ്ങാം’ അസ്സബാഹ് കോളേജ് കൗൺസിലിംഗ് സെന്റർ പൊതുജനങ്ങളിലേക്ക്

ചങ്ങരംകുളം:മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ‘ഉണർവ്’ കൗൺസിലിംഗ് സെന്ററും എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി ആലംകോട് പഞ്ചായത്തിൽ വിപുലമായ ബോധവൽക്കരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. “മനസ്സുതുറക്കാം… മാറ്റങ്ങൾ തുടങ്ങാം” എന്ന പ്രമേയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വിദ്യാർത്ഥികൾ നേരിട്ട് വീടുകളിലെത്തി പൊതുജനങ്ങളുമായി സംവദിച്ചതാണ് ഈ പരിപാടിയുടെ പ്രത്യേകത. മാനസികാരോഗ്യത്തിന്റെ പ്രാധാന്യം, മാനസിക സമ്മർദ്ദങ്ങൾ തിരിച്ചറിയൽ, കൃത്യസമയത്ത് വിദഗ്ധ സഹായം തേടേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾ വീടുകളിലെത്തി വിശദീകരിച്ചു. കലാലയങ്ങളിൽ പരിമിതപ്പെടുന്ന അറിവുകളെ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ ഗൃഹസന്ദർശന പരിപാടി ആവിഷ്കരിച്ചത്.കോളേജ് പ്രിൻസിപ്പാൾ മുഹമ്മദ് കോയ എം.എൻ. ഉദ്ഘാടനം ചെയ്തു. കോളേജ് സൈക്കോളജിസ്റ്റ് അഫീഫ സുലൈമാൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അബ്ദുൽ റഹ്‌മാൻ. പി പ്രചരണ പരിപാടിക്ക് നേതൃത്വം നൽകി.

ജനങ്ങൾക്കിടയിൽ മാനസികാരോഗ്യത്തെക്കുറിച്ചുള്ള തെറ്റായ ധാരണകൾ തിരുത്താനും ആവശ്യമായ കൗൺസിലിംഗ് സേവനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുമുള്ള വലീയ ഉദ്യമത്തിന്റെ തുടക്കമാണ് ഈ പരിപാടിയെന്ന് സംഘാടകർ അഭിപ്രായപെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button