Local newsPONNANI
‘മധുരനെല്ലിക്ക’യ്ക്ക് രണ്ടു പുരസ്‌കാരങ്ങൾ

പൊന്നാനി : കുട്ടികളുടെ സ്‌കൂൾജീവിതത്തിന്റെ കഥ പറഞ്ഞ ‘മധുരനെല്ലിക്ക’ എന്ന ഹ്രസ്വചിത്രം രണ്ടു പുരസ്‌കാരങ്ങൾ നേടി. അസോസിയേഷൻ ഓഫ് ഷോർട്ട് മൂവി മേക്കേഴ്സ് ആൻഡ് ആർട്ടിസ്റ്റ്‌സ് സംഘടിപ്പിച്ച പ്രഥമ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവെലിലാണ് ചിത്രം പുരസ്‌കാരം നേടിയത്.
കുട്ടികളുടെ മികച്ച ചിത്രമായി ‘മധുരനെല്ലിക്ക’ തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിലെ അഭിനയത്തിന് പാർഥിവ് വിശ്വനാഥിന് മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരവും ലഭിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പുരസ്‌കാരങ്ങൾ വിതരണംചെയ്തു. മലയാള നാടകകൃത്ത് പ്രകാശൻ മാണിക്കോത്ത് രചിച്ച ‘കുട്ടികൾ പൂക്കളാകുന്നു’ എന്ന ലഘുനാടകത്തിന്റെ സ്വതന്ത്ര ചലച്ചിത്രാവിഷ്‌കാരമാണ് ‘മധുരനെല്ലിക്ക’.സിനിമ-സീരിയൽ-നാടക മേഖലയിലെ പ്രമുഖരും അറുപതോളം കുട്ടികളും വേഷമിട്ട ചിത്രം ജാഫർ കുറ്റിപ്പുറമാണ് സംവിധാനംചെയ്തത്.
