മദ്രാസ് IIT വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം; സംഭവം കാംപസിന് പുറത്തെ ചായക്കടയില്‍; പ്രതി അറസ്റ്റില്‍
ചെന്നൈ: മദ്രാസ് ഐ.ഐ.ടി. വിദ്യാർഥിനിക്കുനേരേ ലൈംഗികാതിക്രമം കാട്ടിയ ഉത്തർപ്രദേശ് സ്വദേശി അറസ്റ്റില്‍. ഐ.ഐ.ടി.കാംപസിന് സമീപമുള്ള ചായക്കടയില്‍ സഹപാഠികള്‍ക്കൊപ്പമെത്തിയ ഗവേഷണവിദ്യാർഥിനിയെ അപമര്യാദയായി സ്പർശിച്ച കടയിലെ ജീവനക്കാരൻ ശ്രീറാമാണ് (30) പിടിയിലായത്. വിദ്യാർഥിനിയും സുഹൃത്തുകളും ചായകുടിച്ചുകൊണ്ടിരിക്കെയാണ് അതിക്രമം. ഉടൻതന്നെ സഹവിദ്യാർഥികളും അവിടെയുണ്ടായിരുന്ന മറ്റുള്ളവരും ശ്രീറാമിനെ തടഞ്ഞുനിർത്തുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.
കോട്ടൂർപുരം പോലീസ് ശ്രീറാമിനെ അറസ്റ്റുചെയ്തു. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു.
കാംപസിനുപുറത്തുള്ള കടയിലാണ് സംഭവമെന്നും പ്രതിക്ക് ഐ.ഐ.ടി.യുമായി ഒരു ബന്ധവുമില്ലെന്നും അധികൃതർ അറിയിച്ചു. ഐ.ഐ.ടി.ക്ക് സമീപമുള്ള അണ്ണാസർവകലാശാല കാംപസില്‍ കഴിഞ്ഞമാസം വിദ്യാർഥിനിക്കുനേരേ ലൈംഗികപീഡനമുണ്ടായി.ഇതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ അവസാനിക്കുന്നതിനുമുൻപാണ് ഐ.ഐ.ടി. വിദ്യാർഥിനിക്കുനേരേ ലൈംഗികാതിക്രമമുണ്ടായത്.