മദ്യലഹരിയിൽ കിണറ്റിൽ ചാടിയ യുവാവിനെ ജീവൻ പണയപ്പെടുത്തി രക്ഷപ്പെടുത്തി വാകത്താനം എസ്. ഐ

2025 ഏപ്രിൽ 19നു പുലർച്ചെ 3 മണിയോടെ കോട്ടയത്തെ വാകത്താനം പോലീസ് സ്റ്റേഷനിൽ ലഹരിക്കടിമയായ യുവാവ് ജീവനൊടുക്കാൻ കിണറ്റിൽ ചാടിയ വിവരം നാട്ടുകാർ അറിയിക്കുകയായിരുന്നു. തൊട്ടക്കാടിനു സമീപം പാറപ്പാട്ടാണ് അമിത മദ്യപാനത്തെത്തുടർന്ന് മാനസികനില തെറ്റിയ യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
വിവരം ലഭിച്ചയുടൻ നൈറ്റ് പട്രോളിൽ ഉണ്ടായിരുന്ന പോലീസുകാരെ സ്റ്റേഷനിൽ നിന്ന് വിവരമറിയിച്ചു. ഒപ്പം ഫയർ ഫോഴ്സിനെയും.
സംഭവസ്ഥലത്തെത്തിയ പട്രോളിംഗ് സംഘം യുവാവിന് കരയിലേക്ക് കയറിവരാനായി നാട്ടുകാർ ഏണി കിണറ്റിൽ ഇറക്കി നൽകിയതായി കണ്ടു. സബ് ഇൻസ്പെക്ടർ ആൻ്റണി മൈക്കിൾ തൊട്ടടുത്ത വീട്ടിൽ നിന്ന് ലൈറ്റ് സംഘടിപ്പിച്ച് കിണറ്റിനുള്ളിലേക്ക് നോക്കിയപ്പോൾ ഏണിയിലുണ്ടായിരുന്ന കയറിൽ കുരുക്കിട്ട് തൂങ്ങാൻ ശ്രമിക്കുകയായിരുന്നു യുവാവ്.
ഫയർഫോഴ്സ് എത്തുന്നതുവരെ കാത്തുനിൽകാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ ആൻ്റണി കിണറ്റിലേക്കിറങ്ങി കുരുക്ക് മുറിച്ചുമാറ്റി. ഈ ശ്രമം പരാജയപ്പെട്ടതോടെ യുവാവ് ആൻ്റണിയുമായി വെള്ളത്തിലേക്ക് ചാടി. വെള്ളത്തിലേക്ക് മുങ്ങിത്താണ ആൻ്റണി യുവാവിനെ ചേർത്തുപിടിച്ച് സർവശക്തിയുമെടുത്ത് മുകളിലേക്ക് ഉയർന്നു വന്നു. നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ കരയ്ക്ക് കയറ്റി. യുവാവിന് പ്രഥമശുശ്രൂഷ നൽകി തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. വാകത്താനം പോലീസ് സബ് ഇൻസ്പെക്ടർ ആൻ്റണി മൈക്കിളിൻ്റെ സഹസികവും
അവസരോചിതമായ ഇടപെടൽകൊണ്ട് ഒരു ജീവൻ രക്ഷിക്കാനായി.
