crimeKERALA

മദ്യപാനത്തിനിടെ സുഹൃത്തിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി;യുവാവ് റിമാൻഡിൽ.

രാമനാട്ടുകരയിൽ മദ്യപാനത്തിനിടെ സുഹൃത്തിനെ കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ യുവാവ് റിമാൻഡിൽ. കഴിഞ്ഞ ദിവസം ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്ത വൈദ്യരങ്ങാടി പെട്ടെന്നങ്ങാടി പൂവഞ്ചേരി മുഹമ്മദ് ഇജാസിനെ (25) ആണ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. ഇയാൾക്കൊപ്പം കസ്റ്റഡിയിലെടുത്ത മറ്റു രണ്ടുപേരെ കൊലപാതകത്തിൽ പങ്കില്ലെന്നു വ്യക്തമായതോടെ വിട്ടയച്ചു. മലപ്പുറം കൊണ്ടോട്ടി നീറാട് നെല്ലിക്കുന്ന് ഷിബിൻ(31) ആണ് കൊല്ലപ്പെട്ടത്. ഫെബ്രുവരി ഒന്നിന് രാത്രി 7ന് രാമനാട്ടുകര ബൈപാസ് ജംക്‌ഷനു സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ ഷിബിനും ഇജാസും മറ്റ് 2 സുഹൃത്തുക്കളും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കം കയ്യാങ്കളിയിലേക്കു നീങ്ങുകയും ഷിബിനെ ഇജാസ് സ്ക്രൂ ഡ്രൈവർ കൊണ്ടു കഴുത്തിനു കുത്തി വീഴ്ത്തിയ ശേഷം ചെങ്കല്ല് ഉപയോഗിച്ച് തലയിൽ ഇടിച്ച് കൊല്ലുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു മദ്യപാനത്തിനിടെ താൻ ഒരാളെ അടിച്ചിട്ടെന്ന് ഇജാസ് അടുപ്പക്കാരോട് പറഞ്ഞിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ ഇന്നലെ ഉച്ചയോടെയായിരുന്നു പൊലീസ് മ‍ൃതദേഹം കണ്ടെത്തിയത്. സംശയം തോന്നിയ 3 സുഹൃത്തുക്കളെയും ഉടൻ തന്നെ പൊലീസ് പിടികൂടുകയും ചെയ്തു. കൊലപാതകം നടത്താൻ ഉപയോഗിച്ച ആയുധം കണ്ടെത്താനായിട്ടില്ല. ഇതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നു ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണർ എ.എം.സിദ്ദിഖ് പറഞ്ഞു. അറസ്റ്റിലായ ഇജാസിന്റെ പേരിൽ ഫറോക്ക്, തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനുകളിലായി ലഹരി, അടിപിടി കേസുകളുമുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button