മദ്യം വാങ്ങാനെത്തിയവർക്കിടയിൽ പൊന്നാനി നഗരസഭയുടെ കോവിഡ് പരിശോധന



പൊന്നാനി: മദ്യം വാങ്ങാനെത്തിയവർക്കിടയിൽ പൊന്നാനി നഗരസഭയുടെ കോവിഡ് പരിശോധന. കൂടുതൽ ആളുകൾ എത്തുന്ന ബീവറേജ് മദ്യവിൽപ്പനശാലയ്ക്കു മുൻപിൽ പൊന്നാനി നഗരസഭ ആന്റിജെൻ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ചമ്രവട്ടം ജങ്ഷനിലെ ബീവറേജ് ഔട് ലെറ്റിൽ എത്തുന്നവർക്കായാണ് നഗരസഭാ ക്യാമ്പ് സംഘടിപ്പിച്ചത്.
ഒരാഴ്ചയിലെ നഗരസഭയുടെ ചിട്ടയായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായി രോഗവ്യാപനം കുറഞ്ഞിരുന്നു. തുടർന്നാണ് പൊന്നാനിയിലെ ഔട് ലെറ്റ് തുറന്നത്. രാവിലെ മുതൽ ക്യൂ നിന്നവരെ കാത്താണ് ആൻറിജെൻ ടെസ്റ്റ് ടീം ഒരുങ്ങി നിന്നത്. പരിശോധനകഴിഞ്ഞ് നഗരസഭ നൽകുന്ന ടോക്കൺ ലഭിച്ചാൽ മാത്രമേ മദ്യം ലഭിക്കൂ എന്ന നിർദേശവും നൽകി.
അത്തരത്തിൽ മൂന്ന് മണിക്കൂറിനുള്ളിൽ 149 പേരെ ടെസ്റ്റിന് വിധേയരാക്കി. അതിൽ മൂന്നു പേർ മാത്രമാണ് പോസിറ്റീവ് ആയത്.
കൂടാതെ എ.വി. ഹയർ സെക്കൻഡറി സ്കൂൾ, ബസ്‌സ്റ്റാൻഡ് തുടങ്ങിയ മൂന്ന് കേന്ദ്രങ്ങളിലും പരിശോധനാക്യാമ്പുകൾ നടന്നു. ശനിയാഴ്ച ഹാർബർ, വണ്ടിപ്പേട്ട എന്നിടങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിക്കും.
