മത്സ്യത്തൊഴിലാളികൾക്ക് താത്കാലിക ആശ്വാസം; 1000 രൂപയും ആറുകിലോ അരിയും നൽകുമെന്ന് മുഖ്യമന്ത്രി; സഹായം ഈ ജില്ലകളിലെ മത്സ്യത്തൊഴിലാളികൾക്കും

കൊച്ചി തീരത്തെ കപ്പലപകടത്തെത്തുടർന്ന് ദുരിതത്തിലായ മത്സ്യത്തൊഴിലാളികൾക്ക് താത്കാലിക ആശ്വാസമായി 1000 രൂപയും ആറുകിലോ അരിയും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ പ്രശ്‌നബാധിതരായ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കാണ് താത്കാലിക ആശ്വാസം നൽകുന്നത്. പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കപ്പലപകടം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചതായും ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങുമായി ചര്‍ച്ചചെയ്ത് നിലവിലെ സ്ഥിതി അവലോകനംചെയ്തതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നേരത്തെ എത്തിയ മഴ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും നാശനഷ്ടങ്ങളുണ്ടാക്കി. മഴയുടെ പ്രശ്‌നങ്ങള്‍ക്കിടെയാണ് ചരക്ക് കപ്പല്‍ അറബിക്കടലില്‍ അപകടത്തില്‍പ്പെട്ടത്. കപ്പലപകടം കേരളത്തെ വലിയതോതില്‍ ആശങ്കയിലാഴ്ത്തി. കപ്പല്‍ അപകടത്തില്‍പ്പെട്ട വിവരം ലഭിച്ചയുടന്‍ പൊതുജനങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും മുന്നറിപ്പ് പുറപ്പെടുവിച്ചു. 25-ന് കപ്പല്‍ പൂര്‍ണമായും മുങ്ങി. 643 കണ്ടെയ്‌നറുകള്‍ കപ്പലില്‍ ഉണ്ടായിരുന്നു. ഇതില്‍ 73 എണ്ണം ശൂന്യമായിരുന്നു. 13 എണ്ണത്തില്‍ കാത്സ്യം കാര്‍ബൈഡാണുണ്ടായിരുന്നത്. 46 എണ്ണത്തില്‍ ഹൈഡ്രാസിന്‍ എന്ന പ്ലാസ്റ്റിക് ഘടകവും. തടി, പഴങ്ങള്‍, തുണി എന്നിവയും കണ്ടെയ്‌നറുകളിലുണ്ട്. 100-ഓളം കണ്ടെയ്‌നര്‍ കടലില്‍ വീണെന്നാണ് അനുമാനം. 26-ന് അടിയന്തരയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ഉദ്യോഗസ്ഥര്‍ അന്നുതന്നെ അന്താരാഷ്ട്രവിദഗ്ധരുമായി ചര്‍ച്ചനടത്തി.













