മതവൈര്യത്തിന്‍റെ വിത്തുപാകാൻ ഭരണകൂടം’; രാജ്യം വെട്ടിമുറിക്കാനാണ് ആർഎസ്എസ് ശ്രമമെന്നും കെ ടി ജലീൽ


മലപ്പുറം: മത വൈര്യത്തിന്‍റെ വിത്ത് പാകാൻ ഭരണകൂടം ശ്രമിക്കുന്നുവെന്ന് കെ ടി ജലീൽ എംഎല്‍എ. കശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ നിയമം ഐക്യം തകർക്കാൻ ലക്ഷ്യം വെച്ചുള്ളത്. പ്രതികരിക്കാൻ പോലും കോൺഗ്രസ് വിറങ്ങലിച്ചുവെന്നും കെ ടി ജലീൽ വിമര്‍ശിച്ചു. ഡിവൈഎഫ്ഐയുടെ ഫ്രീഡം സ്ട്രീറ്റ് എന്ന പരിപാടിയുമായി ബന്ധപ്പെട്ട് മലപ്പുറത്ത് സംസാരിക്കുകയായിരുന്നു കെ ടി ജലീൽ.
മുത്തലാക് ബിൽ പാസാക്കി കൊണ്ട് മതം അടിസ്ഥാനത്തിലുള്ള വിവേചനം നടപ്പിലാക്കി. മലബാർ സമരം സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമാണ് എന്ന് പറയുന്നത് പോലും ദേശവിരുദ്ധമായി കണക്കാക്കുന്ന കാലമാണ് ഇത്. രാജ്യം വെട്ടിമുറിക്കാനുള്ള ശ്രമമാണ് ആർഎസ്എസ് നടത്തുന്നതെന്നും കെ ടി ജലീൽ കുറ്റപ്പെടുത്തി. ചിലർക്ക് പാകിസ്ഥാനിലേക്ക് ടിക്കറ്റ് എടുത്ത് കൊടുക്കാൻ ബിജെപി നേതാക്കൾ ഇറങ്ങുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയോട് മാപ്പ് എഴുതി നൽകിയാൽ മക്കത്ത് താമസിക്കാം എന്ന് പറഞ്ഞു. അതിനേക്കാൾ എനിക്കിഷ്ടം ഇവിടെ മരിച്ച് വീഴുന്നതാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ബിജെപി നേതാക്കളോടും ഞങ്ങൾക്ക് പറയാനുള്ളത് അതാണെന്ന് കെ ടി ജലീൽ കൂട്ടിച്ചേര്‍ത്തു.
