KERALA


മണ്ഡല – മകരവിളക്ക് തീർത്ഥാടനം’: സുരക്ഷ ഒരുക്കാന്‍ 13,000 പൊലീസുകാര്‍

ശബരിമല മണ്ഡല – മകരവിളക്ക് തീർത്ഥാടനത്തിനായുള്ള ക്രമീകരണങ്ങള്‍ സജ്ജമാക്കി കേരള പൊലീസ്. കൊവിഡിന് ശേഷമുള്ള തീർത്ഥാടനമായതിനാല്‍ തീർത്ഥാടകബാഹുല്യം കണക്കിലെടുത്ത് 13,000 പൊലീസുകാരെ വിന്യസിക്കും. ആകെ 13237 പൊലീസുകാർ ആണ് ഡ്യൂട്ടിയിൽ ഉണ്ടാവുക. ഇവരിൽ 7369 സന്നിധാനത്തും 3215 പമ്പയിലും, 2653 നിലയ്ക്കലിലും ഡ്യൂട്ടി ചെയ്യും. സ്പെഷ്യൽ സെക്യൂരിറ്റി സോണായി ശബരിമലയും പരിസരവും പ്രഖ്യാപിച്ചിട്ടുണ്ട്.

സന്നിധാനം, പമ്പ എന്നിവിടങ്ങളിലായി 24 മണിക്കൂറും 134 സിസിടിവി ക്യാമറകള്‍ സുരക്ഷയൊരുക്കും. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന തീർത്ഥാടകരെ സഹായിക്കുന്നതിനും പ്രശ്നക്കാരെ തിരിച്ചറിയുന്നതിനും അവിടെ നിന്നുള്ള പൊലീസുകാരെ നിയോഗിക്കും.

നിലയ്ക്കലിലും പമ്പയിലും വെർച്ച്വൽ ക്യൂ രേഖകളുടെ പരിശോധനയും പൊലീസിനാണ്. ആറുഘട്ടം വരുന്ന സുരക്ഷാ പദ്ധതിക്കാണ് പൊലീസ് രൂപം നൽകിയിരിക്കുന്നത്. സന്നിധാനം, നിലയ്ക്കല്‍, വടശേരിക്കര എന്നിവിടങ്ങളില്‍ താത്കാലിക പൊലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു.

തങ്ക അങ്കി ഘോഷയാത്ര, തിരുവാഭരണ ഘോഷയാത്ര, മകരവിളക്ക് എന്നിവയ്ക്ക് പ്രത്യേകമായി കൂടുതല്‍ പൊലീസിനെ വിന്യസിക്കും. തീർത്ഥാടകരുടെ സുരക്ഷയ്ക്കൊപ്പം ട്രാഫിക് ലംഘനങ്ങളും അപകടവും ഉണ്ടാകാതിരിക്കാന്‍ ബൈക്ക് , മൊബൈല്‍ പട്രോളിംഗ് എന്നിവ ഉണ്ടാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button