GULF

മടങ്ങാം നാട്ടിലേക്ക്; യുഎഇ വിമാനത്താവളങ്ങൾ പ്രവർത്തനസജ്ജമാകുന്നു; ആശ്വാസതീരത്ത് യാത്രക്കാർ

ദുബായ്: ​​ഇറാൻ-ഇസ്രായേൽ സംഘർഷത്തെത്തുടർന്ന് തടസ്സപ്പെട്ട വിമാന ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കാൻ യുഎഇ തീരുമാനിച്ചു. വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സഹായിക്കുന്നതിനായി പ്രത്യേക സർവീസുകൾ ആരംഭിച്ചതായി യുഎഇ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

എമിറേറ്റ്‌സ് എയർലൈൻസ് ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികൾ സർവീസുകൾ പുനരാരംഭിച്ചു. നിലവിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്കും അടിയന്തരമായി യാത്ര ചെയ്യേണ്ടവർക്കുമാണ് ഈ ഘട്ടത്തിൽ മുൻഗണന. ദുബായ് രാജ്യാന്തര വിമാനത്താവളം, അൽ മക്തൂം വിമാനത്താവളം എന്നിവ പ്രവർത്തനസജ്ജമായിക്കൊണ്ടിരിക്കുകയാണ്. കൃത്യമായ നിർദ്ദേശം ലഭിച്ച യാത്രക്കാർക്ക് മാത്രമേ ഇപ്പോൾ യാത്ര ചെയ്യാൻ അനുവാദമുള്ളൂ.

യുദ്ധഭീതി തുടരുന്നതോടെ ​ഗൾഫ് മേഖലയിലേക്കുള്ള വ്യോമ ഗതാഗതം നിശ്ചലമായിരുന്നു. അയത്തൊള്ള ഖമനേയി ഇസ്രയേൽ -യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ ​ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാൻ ശക്തമായ വ്യോമാക്രമണം തുടരുകയാണ്. ഇറാന്റെ ആക്രമണത്തെ തുടർന്നുള്ള സംഘർഷ സാഹചര്യത്തിൽ ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ ജിസിസി രാജ്യങ്ങളുടെ വ്യോമഗതാഗതം അടിമുടി താളംതെറ്റിയിരുന്നു. ദുബായ്, അബൂദാബി, ദോഹ, ഷാർജ, കുവൈത്ത്, ബഹ്റൈൻ, അൽ മക്തൂം എന്നീ വിമാനത്തവാളങ്ങൾ നിശ്ചലമായിരുന്നു. ഇതിനിടെയാണ് പ്രത്യേക സർവീസ് യുഎഇ ആരംഭിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button