മഞ്ഞപ്പിത്തം പടരുന്നത് ആരോഗ്യവകുപ്പ് അറിയുന്നില്ല ! കണക്കിൽ 106 പേർ; രണ്ട് പഞ്ചായത്തിൽ മാത്രം 170 രോഗികൾ
മലപ്പുറം: ജില്ലയിൽ മഞ്ഞപ്പിത്തം പടരുകയും ജീവനെടുക്കുകയും ചെയ്യുമ്പോഴും ഈ മാസം ആകെ 106 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പിന്റെ കണക്ക്. ഒരാഴ്ചയ്ക്കിടെ കുറ്റിപ്പുറത്തും വഴിക്കടവിലും മാത്രം 170ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് എന്നിരിക്കെയാണ് ജില്ലാ ആരോഗ്യ വകുപ്പിന്റെ കണക്കിൽ ഈ കുറവ് !. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിക്കെ ഈ മാസം 11ന് പൊന്നാനി സ്വദേശിനിയായ പത്ത് വയസുകാരി മരണപ്പെട്ടിരുന്നു.
കുറ്റിപ്പുറം പഞ്ചായത്തിലെ വാർഡ് 1,2, 21, 22 വാർഡുകളിലാണ് 150ഓളം പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. പ്രദേശത്ത് നടന്ന വിവാഹ ചടങ്ങിനിടെയാണ് രോഗം പടർന്നതെന്നാണ് സൂചന. കുട്ടികൾ ഉൾപ്പെടെ മഞ്ഞപ്പിത്തം ബാധിച്ചവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. രോഗബാധിത പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ജലസ്രോതസ്സുകളിൽ ക്ലോറിനേഷൻ നടത്താനാണ് നിർദ്ദേശം. വഴിക്കടവ് പഞ്ചായത്തിൽ 20 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. എടക്കര പഞ്ചായത്തിലും രോഗബാധിതരുണ്ട്. രോഗം കൂടുതൽ റിപ്പോർട്ട് ചെയ്ത വാർഡിലെ വെള്ളത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ വർഷവും വഴിക്കടവിൽ മഞ്ഞപ്പിത്തം വ്യാപനം ഉണ്ടായിരുന്നു. വഴിക്കടവിൽ ആരോഗ്യ വകുപ്പ് രോഗപ്രതിരോധ നടപടികൾ കൃത്യമായി കൈകൊള്ളുന്നില്ലെന്ന ആരോപണവുമായി പി.വി.അൻവർ എം.എൽ.എ രംഗത്തുവന്നിട്ടുണ്ട്.