KERALA

തദ്ദേശ സ്ഥാപനങ്ങളിൽ ഇ-ലൈബ്രറി ഒരുക്കുന്നതിന്‌ സർക്കാർ അനുമതി

തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളിൽ വരും ഇ- ലൈബ്രറി. സാംസ്‌കാരിക വകുപ്പിന്‌ കീഴിൽ പ്രവർത്തിക്കുന്ന ബുക്ക്‌മാർക്കിനാണ്‌ ചുമതല. സ്‌റ്റേറ്റ്‌ ലൈബ്രറി കൗൺസിലിന്റെ അഭിപ്രായം കൂടി പരിഗണിച്ചാണ്‌ തദ്ദേശസ്ഥാപനങ്ങളുടെ ലൈബ്രറികളിൽ ഇ-ലൈബ്രറി സൗകര്യം ഒരുക്കുന്നതിന് വകുപ്പ്‌ അനുമതി നൽകിയത്‌. പുസ്തകങ്ങൾ, ജേർണലുകൾ, പത്രങ്ങൾ, വിജ്ഞാനപ്രദമായ മറ്റ് ലേഖനങ്ങൾ എന്നിവയുടെ ഡിജിറ്റൽ കോപ്പികൾ കംപ്യൂട്ടർ വഴി വായിക്കാൻ അവസരമൊരുക്കും. മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള 2000 ബുക്കുകൾ, മെഡിക്കൽ, എൻജിനിയറിങ്‌ പ്രവേശന പരീക്ഷ, സ്പോക്കൺ ഇംഗ്ലീഷ്, മത്സര പരീക്ഷാ സഹായികൾ, പൊതുവിജ്ഞാന ബുക്കുകൾ എന്നിവ ഇ- ലൈബ്രറിയിൽ ലഭ്യമാക്കും. അഞ്ച്‌ കമ്പ്യൂട്ടർ, കസേര, മേശ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കും.പഞ്ചായത്തുകളിൽ കമ്പ്യൂട്ടർ സൗകര്യം ലഭ്യമാണെങ്കിൽ ആ കമ്പ്യൂട്ടറുകളിൽ ഇ- ലൈബ്രറി സംവിധാനം സജ്ജമാക്കാം. അല്ലെങ്കിൽ പഞ്ചായത്ത്‌ ലഭ്യമാക്കുന്ന സ്ഥലത്ത്‌ ഇ- ലൈബ്രറി സ്ഥാപിക്കാം. ഇതിനായി പഞ്ചായത്ത് കുറഞ്ഞത് 150 ചതുരശ്ര അടി വിസ്തീർണമുള്ള സ്ഥലം ലഭ്യമാക്കണമെന്നും ഉത്തരവിലുണ്ട്‌. സംസ്ഥാനത്താകെ ഇ- ലൈബ്രറി സ്ഥാപിക്കുന്നതിനാൽ ഇ- ബുക്കിന്റെ വില കുറയ്ക്കുന്നത് ബുക്ക് മാർക്ക് പരിഗണിക്കണം. ഇ- ലൈബ്രറി സ്ഥാപിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യം തദ്ദേശസ്ഥാപനമാണ് ഒരുക്കുന്നതെങ്കിൽ നിലവിലെ മാനദണ്ഡ പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കണം. എന്നാൽ ബുക്ക് മാർക്ക് നേരിട്ടാണ് ഇത് സ്ഥാപിക്കുന്നതെങ്കിൽ ചട്ടപ്രകാരമുള്ള നടപടി ക്രമങ്ങൾ പാലിക്കേണ്ട ചുമതല ബുക്ക്‌മാർക്കിനായിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button