മഞ്ചേരി നഗരസഭാ കൗൺസിലറുടെ കൊലപാതകം; മുഖ്യപ്രതി തമിഴ്നാട്ടിൽ നിന്ന് പിടിയിൽ

മലപ്പുറം: മഞ്ചേരി മുൻസിപ്പൽ കൗൺസിലർ അബ്ദുൽ ജലീൽ എന്ന കുഞ്ഞാക്കയെ ആക്രമിച്ചു കൊലപ്പെടു ത്തിയ കേസിലെ മുഖ്യ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കുത്ത് സ്വദേശി ഷുഹൈബ് എന്ന കൊച്ചുവിനെ ചെന്നൈയിൽ നിന്നാണ് പിടികൂടിയത്. സംഭവം നടന്നതിനുശേഷം നാടുവിട്ട ഷുഹൈബിനെ കഴിഞ്ഞ ദിവസം ചെന്നൈയിൽ എത്തിയ അന്വേഷണ സംഘം പിടികൂടുകയായിരുന്നു. കേസിൽ മറ്റ് രണ്ട് പ്രതികളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷംഷീർ, അബ്ദുൽ മാജിദ് എന്നിവരെയാണ് വ്യാഴാഴ്ച മഞ്ചേരി പോലീസ് ഇൻസ്പെക്ടർ സി അലവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാത്രി ആണ് കൊലപാതകം നടന്നത്. പയ്യനാട് താമരശ്ശേരി എന്ന സ്ഥലത്ത് പ്രധാന റോഡിൽ നിന്നും മാറി ചെറുറോഡിൽ വാഹനം പാർക്ക് ചെയ്തതിനെ സംബന്ധിച്ച് ജലീലും സുഹൃത്തുക്കളും ഷുഹൈബിൻ്റെ സംഘവും തമ്മിൽ വാക്കേറ്റവും തർക്കവും ഉണ്ടായി. തുടർന്ന് പ്രശ്നം പറഞ്ഞ് തീർത്ത് ഇരു വിഭാഗവും യാത്ര തുടരുകയും ചെയ്തു. പിന്നാലെ കൗൺസിലർ സഞ്ചരിച്ച വാഹനം നെല്ലിക്കുത്ത് ഫുട്ബാൾ ടർഫിന് സമീപം കൂടെയുണ്ടായിരുന്ന ആളെ വീട്ടിൽ ഇറക്കുന്നതിനായി റോഡിൽ നിർത്തിയിട്ടിരുന്ന സമയത്താണ് അക്രമം നടന്നത്. വാഹനത്തിൽ നിന്ന് ഇറങ്ങി കൗൺസിലർ റോഡിൽ ഇറങ്ങി നിൽക്കുന്ന നേരത്ത് മൂന്ന് പ്രതികൾ രണ്ടു മോട്ടോർ സൈക്കിൽ വന്നു കൗൺസിലറെ ആക്രമിച്ച് ഇരുചക്ര വാഹനത്തിൽ കടന്നു കളയുകയായിരുന്നു.
ഭാരമേറിയ കരിങ്കല്ലുകൊണ്ട് ആണ് ജലീലിൻ്റെ തലയ്ക്ക് അടിച്ചതെന്ന് പ്രതികൾ പറഞ്ഞു. ഷുഹൈബ് ആയിരുന്നു കല്ല് കൊണ്ട് ജലീലിൻ്റെ തലയ്ക്ക് അടിച്ചത്. ഇടിയുടെ ആഘാതത്തിൽ തലയോട്ടി പൊളിഞ്ഞ് തലച്ചോറ് തകർന്നിരുന്നു. ശരീരത്തിൽ മറ്റ് എവിടെയും പരിക്കുകൾ ഇല്ല. തുടർന്ന് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ഗുരുതര പരിക്കുകളുമായി ചികിത്സയിൽ കഴിഞ്ഞിരുന്ന കൗൺസിലർ ബുധനാഴ്ച വൈകുന്നേരം 7 മണിയോടുകൂടിയാണ് മരണപ്പെട്ടത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി കെ സുജിത്ത് ദാസ് ഐപിഎസിന്റെ നിർദ്ദേശപ്രകാരം മഞ്ചേരി പോലീസ് ഇൻസ്പെക്ടർ സി അലവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പൊലീസിന് വലയിൽ ആയത്. സംഭവത്തിൽ പ്രതികൾ ഉപയോഗിച്ച വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.
മലപ്പുറം പോലീസ് മേധാവി കെ സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ ഡിവൈഎസ്പി പി എം പ്രദീപിന്റെ നിർദ്ദേശ പ്രകാരം മഞ്ചേരി സി ഐ സി അലവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം അംഗങ്ങളായ എസ് ഐ സുലൈമാൻ, ഗിരീഷ്. എം, അനീഷ് ചാക്കോ, മുഹമ്മദ് സലീം. പി, ദിനേഷ് ഐ കെ, ഹരിലാൽ പി, തൗഫീഖ് മുബാറക്, സിറാജ്ജുദ്ധീൻ. കെ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.
