മഞ്ചേരി അഗ്നിരക്ഷാനിലയ നിർമാണം പാതിവഴിയിൽ

മഞ്ചേരി : സർക്കാർ അനുവദിച്ച ഫണ്ട് തികയാതെ വന്നതോടെ മഞ്ചേരിയിലെ അഗ്നിരക്ഷാ നിലയത്തിന്റെ നിർമാണം പാതിവഴിയിൽ നിലച്ചു. കരുവമ്പ്രത്ത് സാങ്കേതിക വിദ്യാഭ്യാസവകുപ്പ് വിട്ടുനൽകിയ 50 സെന്റ് ഭൂമിയിലാണ് ആധുനിക സൗകര്യങ്ങളോടെയുള്ള അഗ്നിരക്ഷാനിലയം പണിയുന്നത്. രണ്ടുനിലകളിലായി കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കാനായിരുന്നു പദ്ധതി. ഇതിനായി മൂന്നുകോടി രൂപയും സർക്കാർ അനുവദിച്ചു. എന്നാൽ ഗ്രൗണ്ട് ഫ്ലോറും ഒന്നാംനിലയും പണിതപ്പോഴേക്കും ഫണ്ട് തീർന്നു. നേരത്തെ തയ്യാറാക്കിയ കെട്ടിടത്തിന്റെ രൂപത്തിലും മറ്റും മാറ്റങ്ങൾവന്നതാണ് ഫണ്ട് തികയാതെവരാൻ കാരണം. സർക്കാർ കനിഞ്ഞെങ്കിൽ മാത്രമേ ഇപ്പോൾ പണിത കെട്ടിടം ഉപയോഗപ്പെടുത്താൻ സാധിക്കൂ.
ഇനിവേണ്ടത് 1.17 കോടി
മൂന്നുകോടി ചെലവഴിച്ച് പണിത കെട്ടിടത്തിന്റെ താഴെനിലയിൽ ജീപ്പുകളും ഹെവി വാഹനങ്ങളും നിർത്തിയിടുന്നതിനുള്ള ഗാരേജ്, മെക്കാനിക്കൽ റൂം, ഇലക്ട്രിക്കൽ റൂം, ഇന്ധനം സൂക്ഷിക്കുന്നതിനുള്ള മുറി, വാച്ച്മാൻ റൂം എന്നിവയും ഒന്നാം നിലയിൽ ഓഫീസ്, ഇലക്ട്രിക്കൽ ഡിബി റൂം, വൈദ്യപരിശോധന മുറി, റെക്കോഡ് റൂം, ശൗചാലയങ്ങൾ, സ്റ്റേഷനറി റൂം, സ്റ്റേഷൻമാസ്റ്റർ കാര്യാലയം, ഡോർമെറ്ററി തുടങ്ങിയവയുമാണ് സജ്ജമാക്കിയത്.
കെട്ടിടം ഉപയോഗ യോഗ്യമാക്കണമെങ്കിൽ ഗേറ്റ്, ചുറ്റുമതിൽ, ടൈൽവിരിക്കൽ, പ്ലമ്പിങ് ജോലികൾ, അൻപതിനായിരം ലിറ്റർ സംഭരണശേഷിയുള്ള വെള്ളടാങ്ക്, ബാത്ത് റൂം എന്നിവ ഒരുക്കണം.
സ്ഥിരമായി വെള്ളം ശേഖരിക്കാനുള്ള കിണറും കുഴിക്കണം. ഇതിനായി 1.17 കോടി രൂപയുടെ എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് സർക്കാരിന് കൈമാറിയിട്ടുണ്ട്. ഉടൻ പണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അഗ്നിരക്ഷാ ജീവനക്കാർ.
പ്രവർത്തനം വാടകക്കെട്ടിടത്തിൽ
വർഷങ്ങളായി കച്ചേരിപ്പടിയിലെ നഗരസഭയുടെ വാടകക്കെട്ടിടത്തിൽ അസൗകര്യങ്ങൾക്ക് നടുവിലാണ് മഞ്ചേരിയിലെ അഗ്നിരക്ഷാനിലയം പ്രവർത്തിക്കുന്നത്. സ്ഥലപരിമിതി കാരണം ഐജിബിടി ബസ് സ്റ്റാൻഡിലാണ് സേനയുടെ വാഹനങ്ങളും മറ്റു ഉപകരണങ്ങളുമെല്ലാം നിർത്തിയിടുന്നത്. അരുകിഴായയിലെ ക്ഷേത്രക്കുളത്തിൽനിന്നാണ് എൻജിനുകളിലേക്കുള്ള വെള്ളം ശേഖരിക്കുന്നത്.
ഫയർ ഓഫീസും, റസ്റ്റ് റൂമും വെവ്വേറെ സ്ഥലത്തായതിനാൽ ജീവനക്കാർ പ്രയാസപ്പെടുന്നുണ്ട്. പലപ്പോഴും ഫയർ എൻജിനുസമീപം കട്ടിലിട്ടാണ് ജീവനക്കാർ കിടന്നുറങ്ങുന്നത്. ഇവിടെ മഴപെയ്താൽ ചോർന്നൊലിക്കുന്ന അവസ്ഥയുമുണ്ട്.
