Local newsMALAPPURAM

മഞ്ചേരിയിലെ റോഡ് റീ ടാറിങ് നിലവാരമറിയാൻ ഇരുപതിടത്ത് റോഡ് കുഴിച്ചു പരിശോധന

മഞ്ചേരി∙ നഗരത്തിലെ റോഡുകൾ വെട്ടിപ്പൊളിച്ചു റീ ടാറിങ് നടത്തിയതിൽ അപാകത ഉണ്ടോ എന്നു കണ്ടെത്താൻ വിജിലൻസിന്റെ റോഡ് കീറി പരിശോധന. ഒരു കിലോമീറ്റർ ‍ ടാറിങ്ങിൽ 4 കേന്ദ്രങ്ങളിൽ റോഡ് മുറിച്ചാണു പരിശോധിച്ചത്. മൊത്തം 5 കിലോമീറ്റർ  ദൂരപരിധിയിൽ 20 കേന്ദ്രങ്ങളിൽ കുഴിയെടുത്തു പരിശോധിച്ചു. ജല അതോറിറ്റി പൈപ്പ് സ്ഥാപിക്കാൻ റോഡ് വെട്ടിപ്പൊളിച്ചതിനു ശേഷം റീ ടാറിങ് നടത്തിയതിലെ അപാകത സംബന്ധിച്ചു ലഭിച്ച പരാതിയിലാണ് സർക്കാർ നിർദേശമനുസരിച്ചു പരിശോധന നടത്തിയത്. ബിഎം ആൻഡ് ബിസി ടാറിങ് നടത്തിയതിൽ ആവശ്യമായ അളവിൽ ടാറിങ് സാമഗ്രികൾ ഉപയോഗിച്ചില്ലെന്നായിരുന്നു പരാതി. റോഡിന്റെ ഉപരിതലം മുതൽ താഴേക്ക് ബിഎം ആൻഡ് ബിസി, ജിഎസ്ബി ആൻഡ് എംഎം തുടങ്ങിയവയ്ക്ക് നിശ്ചിത അളവിൽ സാധനങ്ങൾ ഉപയോഗിച്ചോ എന്നു കണ്ടെത്താൻ ഡ്രിൽ ഉപയോഗിച്ചാണ് റാൻഡം പരിശോധന നടത്തിയത്.

ചെരണി സബ് സ്റ്റേഷൻ റോഡ്, തുറക്കൽ സെൻട്രൽ ജംക്‌ഷൻ റോഡ്, മഞ്ചേരി മലപ്പുറം റോഡ് എന്നിവിടങ്ങളിലായിരുന്നു പരിശോധന.  2018ൽ ആണ് റോഡ് പൊളിച്ചത്. ഏറെക്കാലം അറ്റകുറ്റപ്പണി നടത്താതിരുന്നത് പരാതിക്കിടയാക്കിയിരുന്നു. മന്ത്രി പി.എ.മുഹമ്മദ് റിയാസ് മഞ്ചേരിയിലെത്തി പരിശോധിച്ചതിനു ശേഷം കഴിഞ്ഞ വർഷമാണ് റോഡ് പൂർവസ്ഥിതിയിലാക്കിയത്. വിജിലൻസ് ഇൻസ്പെക്ടർ പി.ജ്യോതീന്ദ്രകുമാർ, മങ്കട ബ്ലോക്ക് പഞ്ചായത്ത് അസി. എക്സിക്യൂട്ടീവ് എൻജിനീയർ ലീജിയ രാജു, എഇ ആർ.ഉഷാർ, വിജിലൻസ് എസ്ഐ സജി, എഎസ്ഐ ടി.ടി.ഹനീഫ, എസ്‌സിപിഒ എം.കെ.ധനേഷ്, സിപിഒ അഭിജിത്ത് ദാമോദർ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button