മകരവിളക്ക് തീർത്ഥാടന കാലത്തിന് ഇന്ന് സമാപനം
![](https://edappalnews.com/wp-content/uploads/2023/01/Screenshot_2023-01-19-09-06-59-933_com.android.chrome.jpg)
![](https://edappalnews.com/wp-content/uploads/2023/01/IMG-20230113-WA0045-922x1024.jpg)
മകരവിളക്ക് ദിവസം മുതൽ മണിമണ്ഡപത്തിൽ നിന്ന് ആരംഭിച്ച അയ്യപ്പൻ്റെ എഴുന്നള്ളത്ത് നായാട്ട് വിളിയോടെ ശരംകുത്തിയിൽ സമാപിച്ചു. ഇന്ന് വൈകീട്ട് ഹരിവരാസനം പാടി നട അടക്കുന്നതോടെ ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടന കാലം ഇന്ന് സമാപിക്കും.
മകരവിളക്ക് ശേഷം ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നാണ് അയ്യപ്പൻ ശരംകുത്തിയിലേക്ക് എഴുന്നള്ളുന്നത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ മണിമണ്ഡപത്തിൽ നിന്നാണ് എഴുന്നള്ളത്ത് ആരംഭിക്കുന്നത്. തുടർന്ന് പതിനെട്ടാം പടിക്കു താഴെ എത്തി നായാട്ടുവിളികളുടെ എഴുന്നള്ളത്ത് ശരംകുത്തിയിലേക്ക് യാത്രയാകും.
പന്തളത്തു നിന്ന് തിരുവാഭരണ ഘോഷയാത്രയോടൊപ്പം കൊണ്ടുവന്ന ഇഞ്ചിപ്പാറ തലപ്പാറ കോട്ടകളുടെ പ്രതീകങ്ങളായയ കറുപ്പും ചുവപ്പും നിറമുള്ള കൊടികുറിയുടെ അകമ്പടിയോടെയാണ് എഴുന്നള്ളത്ത് നടന്നത്.
തീർത്ഥാടനകാലത്ത് മാറ്റിനിർത്തപ്പെട്ട ഭൂതഗണങ്ങളെ അയ്യപ്പൻ തിരികെ വിളിച്ചുകൊണ്ടുവരുന്നു എന്ന സങ്കല്പത്തിൽ എഴുന്നള്ളത്ത് തിരികെ വരുമ്പോൾ വാദ്യമേളങ്ങളുടെ അകമ്പടി ഇല്ലാതെ നിശബ്ദമായാണ് വരുന്നത്. ഇന്ന് രാത്രി ഹരിവരാസനം പാടി നട അടക്കുന്നതോടെ ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തിന് സമാപനം കുറിക്കും. നാളെ രാവിലെ പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് അയ്യപ്പ ദർശനത്തിന് അവസരം ഉള്ളത്.
![](http://edappalnews.com/wp-content/uploads/2025/01/logo.png)