മകന് ആരെയും ആക്രമിക്കാനാകില്ലെന്ന് ഷെമി; വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതിയെ വീണ്ടും ന്യായീകരിച്ച് ഉമ്മ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ന്യായീകരിച്ച് ഉമ്മ ഷെമി. മകന് മറ്റാരെയും ആക്രമിക്കാനാകില്ലെന്നാണ് ഇന്നലെ ഇവർ പൊലീസിനോട് പറഞ്ഞത്.തന്നെ ആക്രമിച്ചതും മകനല്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഷെമി. കട്ടിലില്‍ നിന്നും വീണാണ് തനിക്ക് പരിക്ക് പറ്റിയതെന്നാണ് ഇവരുടെ നിലപാട്. നേരത്തെയും ഷെമി പൊലീസിന് നല്‍കിയ മൊഴി ഇതായിരുന്നു. ഭർത്താവിനോടും താൻ കട്ടിലില്‍ നിന്നും വീണെന്നാണ് ഷെമി പറഞ്ഞത്. ആശുപത്രിയില്‍ നിന്നും മാറ്റിയ ഷെമി നിലവില്‍ സംരക്ഷണ കേന്ദ്രത്തിലാണ്.
അതേസമയം, മൂന്നാം ഘട്ട തെളിവെടുപ്പിനായി അഫാനെ ഇന്ന് വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. കാമുകിയെയും അനുജനെയും കൊലപ്പെടുത്തിയ കേസിലാണ് മൂന്നു ദിവസത്തെ കസ്റ്റഡി. അച്ഛൻറെ സഹോദരനെയും ഭാര്യയും കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡില്‍ വാങ്ങിയ പ്രതിയെ പൊലീസ് കഴിഞ്ഞ ദിവസം വിവിധയിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കടം വാങ്ങിയ പണം തിരികെ കിട്ടാൻ നിരന്തരം അധിക്ഷേപിച്ചത് കൊണ്ടാണ് പിതൃസഹോദരനായ ലത്തീഫിനെയും ഭാര്യയെയും ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയതെന്നാണ് അഫാൻ്റെ മൊഴി.
തെളിവെടുപ്പിനിടെ യാതൊരു കൂസലുമില്ലാതെയാണ് അഫാൻ താൻ ചെയ്ത ക്രൂരതകളഅ പൊലീസിനോട് വിവരിച്ചത്. 80,000 രൂപ ലത്തീഫില്‍ നിന്നും കടം വാങ്ങിയിരുന്നു. പണം തിരികെ ചോദിച്ച് ബുദ്ധിമുട്ടിച്ചു. അച്ഛൻ്റെ അമ്മയുടെ സ്വർണം വാങ്ങുന്നതിനും തടസ്സം നിന്നത് ലത്തീഫായിരുന്നു. ഇതാണ് ലത്തീഫിനെ വകവരുത്താൻ കാരണം. അമ്മയെ കഴുത്ത് ഞെരിച്ച് നിലത്തിട്ട ശേഷം ആദ്യം അച്ഛൻ്റെ അമ്മയെ കൊന്നു. അതിനുശേഷമാണ് ലത്തീഫിൻ്റെ വീട്ടിലെത്തുന്നത്. അഫാനെ കണ്ട് സാജിത അടുക്കളയിലേക്ക് പോയി. ബാഗിലിരുന്ന ചുറ്റികയെടുത്ത് ഹാളിലെ സെറ്റിയിലിരുന്ന ലതീഫീൻ്റെ തലയില്‍ പലവട്ടം അടിച്ചു. ശബ്ദം കേട്ട് ഓടിവന്ന സാജിതയെയും അടിച്ചു. അടുക്കളയിലേക്ക് ഓടിയ സാജിതയെ പിന്നില്‍ ചെന്ന് ആക്രമിച്ചുകൊന്നു. ലത്തീഫിൻ്റെ മൊബൈലും കാറിൻ്റെ താക്കോലും 50 മീറ്റർ അപ്പുറം കാട്ടിലേക്കറിഞ്ഞ ശേഷം വീട്ടിലേക്ക് പോയി. ഈ മൊബൈല്‍ ഫോണ്‍ അഫാൻ്റെ സാനിധ്യത്തില്‍ പൊലീസ് ഇന്നലെ കണ്ടെത്തി.
കൃത്യമായ പദ്ധതികളോടെ തന്നെയാണ് അഫാൻ ഓരോ കൊലപാതകങ്ങളും നടത്തിയത്. ആക്രമണം തടസ്സപ്പെടുത്തുന്നവരുടെ കണ്ണിലേക്കെറിയാൻ മുളക്പൊടിയും അഫാൻ വാങ്ങിവെച്ചിരുന്നു. വീട്ടിലെത്തിച്ചുള്ള പരിശോധനയിലാണ് മുളകുപൊടി പൊതിഞ്ഞത് കണ്ടെത്തിയത്. ആയുധം സൂക്ഷിച്ചിരുന്ന ബാഗിലാണ് മുളക്പൊടിയുമുണ്ടായിരുന്നത്. തന്റെ പ്രവർത്തിയെ ആരെങ്കിലും എതിർത്താല്‍ ഉപയോഗിക്കാനായിരുന്നു മുളകുപൊടിയും അഫാൻ കരുതിയിരുന്നത്.
