ഭർത്താവ് ചോക്ലേറ്റ് വാങ്ങിക്കൊടുത്തില്ല; 25കാരി മരിച്ച നിലയിൽ

ഭർത്താവ് ചോക്ലേറ്റ് വാങ്ങിക്കൊടുത്തില്ല; 25കാരി മരിച്ച നിലയിൽ താൻ പോകുകയാണെന്നും കുട്ടികളെ നന്നായി നോക്കണമെന്നും സംഭവത്തിനു തൊട്ടുമുൻപ് നന്ദിനി ഭർത്താവിന് വാട്‌സ്ആപ്പിൽ മെസേജ് അയച്ചിരുന്നു.

ബംഗളൂരു: ചോക്ലേറ്റിനെച്ചൊല്ലി ഭർത്താവുമായി വഴക്കിട്ടതിനു പിന്നാലെ യുവതി മരിച്ച നിലയിൽ. ബംഗളൂരുവിലെ ഹെന്നൂരിനടുത്തുള്ള ഹൊന്നപ്പ ലേഔട്ടിലാണ് സംഭവം. ചോക്ലേറ്റ് വാങ്ങിക്കൊടുക്കാത്തതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് കരുതപ്പെടുന്നത്. സഹകരണനഗറിൽ ബാർബർ ഷോപ്പ് ജീവനക്കാരനായ ഗൗതമിന്റെ ഭാര്യയാണ് നന്ദിനിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവദിവസം ചോക്ലേറ്റ് വാങ്ങിക്കൊടുക്കാത്തതിന് 25കാരി ഭർത്താവുമായി വഴക്കിട്ടിരുന്നു. രാവിലെ ഗൗതം ജോലിക്കിറങ്ങിയപ്പോൾ നന്ദിനി തടഞ്ഞുനിർത്തി ചോക്ലേറ്റ് വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടു. ജോലി കഴിഞ്ഞ് തിരികെവരുമ്പോൾ കൊണ്ടുവരാമെന്ന് യുവാവ് അറിയിക്കുകയും ചെയ്തു.എന്നാൽ, രാത്രി നന്ദിനി ഫോണിൽ വിളിച്ചപ്പോൾ ഗൗതം എടുത്തില്ല. ഇതോടെ താൻ പോകുകയാണെന്നും കുട്ടികൾക്ക് ഭക്ഷണം കൊടുക്കണമെന്നും യുവതി ഭർത്താവിന് വാട്‌സ്ആപ്പിൽ മെസേജ് അയച്ചു. കുട്ടികളെ നന്നായി നോക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. മെസേജ് കണ്ട് ആശങ്കയോടെ ഗൗതം ഭാര്യയെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് ഉടൻ വീട്ടിലേക്ക് ഓടിയെത്തിയ യുവാവ് ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസാധാരണ മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യാ കുറിപ്പിൽ യുവതി ആർക്കെതിരെയും പരാതികളൊന്നും ഉന്നയിച്ചിട്ടില്ല. കോളജിൽനിന്ന് പരിചയമുണ്ടായിരുന്ന നന്ദിനിയും ഗൗതവും പിന്നീട് വിവാഹിതരാകുകയായിരുന്നു. ഇരുവർക്കും രണ്ടു മക്കളുമുണ്ട്.
