ഭാര്യയുടെ കൊലപാതകം : പ്രതിയായ ഭർത്താവ് സംസ്ഥാനം വിട്ടെന്ന് സൂചന
പൊന്നാനി: യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയെ ദിവസങ്ങൾ പിന്നിട്ടിട്ടും പിടികൂടാനായില്ല. പ്രതിയായ ഭർത്താവ് പടിഞ്ഞാറേക്കര നായർതോട് സ്വദേശി യൂനസ് കോയ സംസ്ഥാനം വിട്ടതായാണ് സൂചന.പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പോലീസ് രണ്ടു സംഘങ്ങളായി തിരിഞ്ഞ് ഹൈദരാബാദിലേക്കും ബെംഗളൂരുവിലേക്കും പോയിട്ടുണ്ട്. പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാത്തതാണ് പോലീസിനെ കുഴയ്ക്കുന്നത്. പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് വിദേശത്തുനിന്ന് നാട്ടിലെത്തിയ യൂനസ് കോയ ഭാര്യ ജെ.എം. റോഡ് വാലിപ്പറമ്പിൽ താമസിക്കുന്ന ആലിങ്ങൽ സുലൈഖയെ (36) തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കൃത്യം നടത്തിയശേഷം യൂനസ് കോയ വീടിനു സമീപത്തെ കനോലികനാൽ വഴി രക്ഷപ്പെടുകയായിരുന്നു.യൂനസ് കോയ മക്കളെയും കൊന്നുകളയുമെന്ന് മുൻപ് ഭീഷണിപ്പെടുത്തിയിരുന്നു. ഉമ്മയെ കൊന്ന ഉപ്പ തങ്ങളെയും കൊല്ലുമെന്ന ഭീതിയിലാണ് മൂന്നു മക്കളും കഴിയുന്നത്. ഉമ്മയുടെ സഹോദരിയുടെ വീട്ടിലാണ് മക്കളിപ്പോൾ.
സംശയരോഗത്തെ തുടർന്നാണ് യൂനസ് കോയ ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ കഴിയാത്തതിനെതിരേ പ്രതിഷേധം ശക്തമാകുന്നുണ്ട്.