ഭാരതപ്പുഴയിൽ ജലനിരപ്പ് താഴ്ന്നതോടെ കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണ പ്രവർത്തികൾ പുനരാരംഭിച്ചു
![](https://edappalnews.com/wp-content/uploads/2023/07/image-1-1.jpg)
![](https://edappalnews.com/wp-content/uploads/2023/07/download-4-7-1024x1024-1-1024x1024.jpg)
ജലനിരപ്പ് ഗണ്യമായി താഴ്ന്നതോടെ വ്യാഴാഴ്ചയോടെയാണ് നിർമാണ പ്രവർത്തികൾ രണ്ടാമതും ആരംഭിച്ചത്. മലപ്പുറം- പാലക്കാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബ്രിഡ്ജിന്റെ പുഴയിലെ പില്ലറുകളുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. മഴക്കാലം തുടങ്ങിയതോടെ പുഴയിൽ ബണ്ട്കെട്ടിയായിരുന്നു നിർമ്മാണം നടന്നുവന്നിരുന്നത്. എന്നാൽ കഴിഞ്ഞയാഴ്ച കനത്ത മഴയിൽ വെള്ളം ക്രമാതീതമായി കൂടിയതോടെ നിർമ്മാണ പ്രവർത്തികൾ നിർത്തിവച്ചിരുന്നു. 102.72 കോടി രൂപയ്ക്കാണ് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണം നടക്കുന്നത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്കാണ് നിർമ്മാണ ചുമതല. 418 മീറ്റർ നീളം വരുന്ന റെഗുലേറ്റർ കം ബ്രിഡ്ജിന് 11 മീറ്റർ വീതിയും ഉണ്ടാവും. പാലത്തിനു മുകളിൽ ഇരുഭാഗത്തും നടപ്പാതയും ഒരുക്കുന്നുണ്ട്. 29 തൂണുകളും 30 ഷട്ടറുകളും അടങ്ങുന്നതാണ് ബ്രിഡ്ജ്. നിർമ്മാണ പ്രവർത്തികൾ രണ്ടുവർഷംകൊണ്ട് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണം പൂർത്തിയായാൽ ഇരു ജില്ലകളിലെയുംവിവിധ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിനും പരിഹാരമാകും. കുമ്പിടിയിൽ നിന്നും കുറ്റിപ്പുറത്തേക്കുള്ള ദൂരം നിലവിൽ 10 കിലോമീറ്റർ ഉള്ളത് വെറും 3 കിലോമീറ്റർ ആയി കുറയുകയും ചെയ്യും. ഇത് കുമ്പിടിയിലെയും കുറ്റിപ്പുറത്തെയും വികസന സാധ്യതയ്ക്കും കളമൊരുക്കും.
![](http://edappalnews.com/wp-content/uploads/2025/01/logo.png)