Kochi

ഭര്‍ത്താവ് 40 അടി താഴ്ചയുള്ള കിണറില്‍ വീണു; ഒന്നും ആലോചിക്കാതെ പിന്നാലെ ചാടി ഭാര്യ പത്മം; അത്ഭുത രക്ഷപ്പെടുത്തല്‍.

കൊച്ചി: കുരുമുളക് പറിക്കുന്നതിനിടെ 40 അടിയോളം താഴ്ചയുള്ള കിണറ്റില്‍വീണ ഭര്‍ത്താവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി ഭാര്യ.
പിറവം സ്വദേശി 64കാരനായ രമേശനാണ് കിണറ്റില്‍വീണത്. രണ്ടാമതൊന്ന് ആലോചിക്കാതെ ഭാര്യ പത്മം പിന്നാലെ ചാടി. ഫയര്‍ഫോഴ്‌സ് എത്തുന്നതുവരെ വെള്ളത്തില്‍ മുങ്ങിപ്പോകാതെ ഭർത്താവിനെ താങ്ങിപ്പിടിച്ച്‌ നിന്നു. ഫയര്‍ഫോഴ്‌സ് എത്തി ആദ്യം രമേശനെയും പിന്നീട് പത്മത്തെയും കിണറ്റില്‍നിന്ന് മുകളിലെത്തിച്ചു.

ഇലഞ്ഞിക്കാവില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. പൊലീസില്‍ നിന്ന് വിരമിച്ചയാളാണ് രമേശന്‍. മൂവാറ്റുപുഴയില്‍ താമസിക്കുന്ന രമേശനും പത്മവും കൃഷി ആവശ്യത്തിനായി പിറവത്ത് ഭൂമി വാങ്ങിയിരുന്നു. ഇവിടെ കിണറിന് സമീപത്തുനിന്ന കുരുമുളക് പറിക്കുന്നതിനിടെ പിടിച്ചുനിന്ന മരം ഒടിഞ്ഞ് രമേശൻ അകത്തേക്ക് വീഴുകയായിരുന്നു.

ഭർത്താവ് കിണറിനുള്ളില്‍ വീഴുന്നത് കണ്ട പത്മം, ഉടനെ കിണറിനരികിലേക്ക് ഓടിയെത്തി. കിണറ്റിനുള്ളില്‍ രമേശന് തലചുറ്റാൻ തുടങ്ങിയെന്ന് മനസിലായതോടെപത്മം കിണറ്റിലേയ്ക്ക് ചാടുകയായിരുന്നു. തുടർന്ന് മുങ്ങിപ്പോകാതിരിക്കാൻ ഇരുകൈകളിലുമായി രമേശനെ താങ്ങിപ്പിടിച്ചു നിന്നു. സംഭവം കണ്ടുനിന്ന ബന്ധു വിവരം അറിയിച്ചതിനെ തുടർന്നാണ് ഫയര്‍ഫോഴ്‌സ് എത്തി ഇരുവരെയും രക്ഷിച്ചത്.

രമേശൻ കിണറ്റിലേക്ക് വീഴുന്ന സമയം ബന്ധുവിന്‌റെ കുഞ്ഞിനോട് സംസാരിച്ചുനില്‍ക്കുകയായിരുന്നു പത്മം. ശബ്ദം കേട്ട് നോക്കിയപ്പോള്‍ മരം ഒടിഞ്ഞ് കിണറിന് മുകളില്‍ കിടക്കുന്നതാണ് കണ്ടത്. ഇതോടെ ഭർത്താവ് താഴെ പോയെന്ന് മനസിലായി. ഓടിച്ചെന്ന് കയർ എടുത്ത് കിണറ്റിലേക്ക് ഇറക്കി രമേശനെ രക്ഷിക്കാനായിരുന്നു ആദ്യശ്രമം. എന്നാല്‍ ഭർത്താവ് കുഴഞ്ഞ് വെള്ളത്തിലേക്ക് പോകുന്നതാണ് പത്മം കണ്ടത്. പിന്നാലെയാണ് കിണറ്റിലേക്ക് എടുത്ത്ചാടിയത്.

ഒരാള്‍ പൊക്കത്തോളം വെള്ളമുള്ള കിണറ്റിലെ പടവുകളില്‍ ഭർത്താവിനെ പത്മം താങ്ങി നിർത്തി. സംഭവ സ്ഥലത്ത് എത്തിയ ഫയർഫോഴ്‌സ് സംഘം തങ്ങള്‍ കിണറ്റില്‍ ഇറങ്ങണമോ, കുട്ട താഴ്ത്തി തന്നാല്‍ അതില്‍ കയറാൻ കഴിയുമോയെന്ന് വിളിച്ച്‌ ചോദിച്ചു. തനിക്ക് കുഴപ്പമില്ലന്നും ക്ഷീണിതനായ ഭർത്താവിനെ താൻ കുട്ടയില്‍ കയറ്റാമെന്നും പത്മം വിളിച്ചുപറഞ്ഞു. ഇതനുസരിച്ച്‌ ആദ്യം രമേശനെയും പിന്നാലെ പത്മത്തെയും ഫയർഫോഴ്‌സ് സംഘം രക്ഷപ്പെടുത്തുകയായിരുന്നു.

കിണറ്റിലേക്ക് കയറില്‍ ഊർന്നിറങ്ങിയതിനെ തുടർന്ന് പത്മത്തിന്‍റെ രണ്ട് കൈകളുടെയും തൊലി ഇളകിയ നിലയിലായിരുന്നു. കിണറ്റില്‍ വീണ രമേശന് കാര്യമായ പരിക്കുകളില്ല. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button