

മുംബൈ; ഇന്ത്യൻ സൂപ്പർ ലീഗിലെ പ്ലേഓഫ് മത്സരത്തിൽ ബെംഗളൂരു എഫ്സി വിവാദ ഗോൾ നേടിയതിന് പിന്നാലെ മത്സരം പൂർത്തിയാക്കാതെ മടങ്ങിയ കേരളബ്ലാസ്റ്റേഴ്സിനെതിരേ ശക്തമായ നടപടിക്ക് സാധ്യത. കേരള ബ്ലാസ്റ്റേഴ്സ് അച്ചടക്കലംഘനം നടത്തിയെന്നാണ് തിങ്കളാഴ്ച ചേർന്ന ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ(എഐഎഫ്എഫ്) അച്ചടക്ക സമിതിയുടെ കണ്ടെത്തലെന്നാണ് റിപ്പോർട്ടുകൾ. ഇരു ടീമുകളുടേയും വാദങ്ങൾ കേട്ട ശേഷമാണ് സമിതിയുടെ നിരീക്ഷണം. ഇതോടെ ബ്ലാസ്റ്റേഴ്സിനെതിരേ നടപടിയുണ്ടാകുമെന്ന് ഉറപ്പായി. മത്സരങ്ങളിൽ നിന്ന് വിലക്കുകയോ പിഴശിക്ഷയോ ലഭിച്ചേക്കാം. റഫറിയുടെ വാദങ്ങൾ കൂടി കേട്ടതിന് ശേഷമാണ് സമിതിയുടെ തീരുമാനം. ഫുട്ബോൾ ഫെഡറേഷന്റെ ഔദ്യോഗിക വാർത്താക്കുറിപ്പ് ചൊവ്വാഴ്ച പുറത്തുവന്നേക്കും. നേരത്തേ പ്ലേഓഫ് മത്സരം വീണ്ടും നടത്തണമെന്നും മത്സരം നിയന്ത്രിച്ച റഫറി ക്രിസ്റ്റൽ ജോണിനെ വിലക്കണമെന്നും കേരള ബ്ലാസ്റ്റേഴ്സ് ആവശ്യപ്പെട്ടിരുന്നു. അച്ചടക്ക സമിതിക്ക് മുമ്പിൽ ഹാജരായ ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ റഫറിയുടെ നടപടിക്കെതിരേ വാദങ്ങൾ ഉന്നയിച്ചു. സുനിൽ ഛേത്രിയുടെ കിക്ക് തടയാനൊരുങ്ങവേ റഫറി തന്നോട് പിന്നിലേക്ക് പോകാൻ നിർദേശിച്ചെന്നും അങ്ങനെ ചെയ്യുമ്പോഴാണ് ഛേത്രി ഗോളടിച്ചതെന്നുമാണ് ലൂണയുടെ വിശദീകരണം. അതേ സമയം ഫിഫയുടെ നിയമപ്രകാരമാണ് താൻ ഗോളനുവദിച്ചതെന്നാണ് റഫറി ക്രിസ്റ്റൽ ജോൺ വാദിച്ചത്. ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക നിയമത്തിലെ ആർട്ടിക്കിൾ 58 പ്രകാരകമാണ് ബ്ലാസ്റ്റേഴ്സിനെതിരായ നടപടി. ആർട്ടിക്കിൾ 58.1 പ്രകാരം ഒരു ടീം മത്സരം കളിക്കാൻ വിസമ്മതിക്കുകയോ ആരംഭിച്ച മത്സരം തുടർന്ന് കളിക്കാതിരിക്കുകയോ ചെയ്താൽ കുറഞ്ഞത് ആറുലക്ഷം രൂപ വരെ പിഴശിക്ഷ ലഭിക്കാം. ഗുരുതരമായ ലംഘനമാണെങ്കിൽ നടപ്പുസീസണിൽ നിന്ന് അയോഗ്യരാക്കുകയോ വരാനിരിക്കുന്ന ടൂർണമെന്റുകളിൽ നിന്ന് വിലക്കുകയോ ചെയ്യാം. വെള്ളിയാഴ്ച ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന പ്ലേ ഓഫ് മത്സരമാണ് ഐഎസ്എൽ ചരിത്രത്തിൽ തന്നെ ഇതുവരെ കാണാത്ത വിവാദ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. ഗോൾരഹിതമായ 90 മിനിറ്റുകൾക്ക് ശേഷം മത്സരം എക്സ്ട്രാ ടൈമിലേക്ക്. ഇതിനിടെ ബ്ലാസ്റ്റേഴ്സ് ബോക്സിന്റെ പുറത്ത് ബെംഗളൂരുവിന് അനുകൂലമായി ഒരു ഫ്രീ കിക്ക് ലഭിക്കുന്നു. 96-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് താരങ്ങളും ഗോൾകീപ്പറും ഫ്രീ കിക്ക് തടയാനായി തയ്യാറെടുക്കും മുമ്പ് സുനിൽ ഛേത്രി പെട്ടെന്നുതന്നെ കിക്കെടുത്ത് പന്ത് വലയിലെത്തിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സ് താരങ്ങൾ തയാറാകും മുൻപാണു കിക്കെടുത്തതെന്ന് താരങ്ങൾ വാദിച്ചെങ്കിലും റഫറി ക്രിസ്റ്റൽ ജോൺ അത് അംഗീകരിച്ചില്ല. തുടർന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് ടീമിനെ തിരികെ വിളിക്കുകയായിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം മത്സരം പൂർത്തിയാക്കാതെ ഗ്രൗണ്ട് വിടുന്നത്.
