ബ്രോസ്റ്റ് കഴിച്ച 15 പേർകൂടി ചികിത്സ തേടി; 10 വയസ്സുകാരി മെഡിക്കൽ കോളജിൽ
എ ആർ നഗർ ഇരുമ്പ്ചോലയിലെ കടയിൽ നിന്ന് ബ്രോസ്റ്റഡ് ചിക്കൻ കഴിച്ച കൂടുതൽ പേർ ചികിത്സ തേടി. ഇന്നലെ ഗർഭിണിയും കുട്ടികളും അടക്കം പതിനഞ്ചോളം പേരാണ് ചികിത്സ തേടിയത്. ഒരു കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. എ ആർ നഗർ യാറത്തുംപടി സ്വദേശിയുടെ 10 വയസ്സ് പ്രായമായ മകളെയാണ് താലൂക്ക് ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത്. മറ്റുള്ളവരെ താലൂക്ക് ആശുപത്രിയിലും പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. യാറത്തും പടി,വികെ പടി സ്വദേശികളായ അഞ്ചുപേരും പന്താരങ്ങാടി സ്വദേശികളായ 40 പേരും പ്രാഥമിക ചികിത്സ നേടിയിട്ടുണ്ട്.
കഴിഞ്ഞദിവസം 9 പേർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എല്ലാവരും ഒരേ ദിവസം ഒരേ കടയിൽ നിന്ന് ഭക്ഷണം കഴിച്ചവരാണ്. ഇരുമ്പ് ചോലയിലെ കടയിൽ നിന്ന് കഴിഞ്ഞ ഞായറാഴ്ച രാത്രി 11ന് ശേഷം ഭക്ഷണം കഴിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ക്ഷീണം, വയറിളക്കം, ഛർദി എന്നിവയാണ് ലക്ഷണമായി കണ്ടത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അസ്വസ്ഥത അനുഭവപ്പെട്ടു തുടങ്ങിയത്. പലരും വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നതായി പറഞ്ഞു. ബ്രോസ്റ്റും മയോണൈസും ആണ് കഴിച്ചിരുന്നത്. ഭക്ഷ്യസുരക്ഷാ ഓഫീസർ ജിജി മേരി ജോൺസന്റെ നേതൃത്വത്തിൽ ഭക്ഷ്യ സുരക്ഷാ വിഭാഗവും ആരോഗ്യവിഭാഗവും കടയിൽ പരിശോധന നടത്തി. സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ ഉള്ളവരുടെ സാമ്പിളും പരിശോധനയ്ക്ക് അയച്ചതായി മെഡിക്കൽ ഓഫീസർ പറഞ്ഞു. രാത്രി 11 വരെ ലക്ഷണം കൊടുത്തവർക്ക് പ്രയാസങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും അതിനുശേഷം എന്താണ് സംഭവിച്ചത് എന്ന് അറിയില്ലെന്നും ഉടമ പറഞ്ഞു.